ad
Deshabhimani

യുഎസ് - ഇറാൻ മിസൈൽ ആക്രമണം ശക്തം, തകർന്നടിഞ്ഞ് സമാധാന കരാർ ചർച്ചകൾ

Trump

ഡോണാൾഡ്‌ ട്രംപ് |Photo: Getty Images

വെബ് ഡെസ്ക്

Published on Jun 10, 2026, 10:56 PM | 2 min read

തെഹ്റാൻ : ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി യുഎസും ഇറാനും തമ്മിൽ ഒരേസമയം മിസൈലാക്രമണങ്ങൾ ശക്തമാകുന്നു. ഇരുപക്ഷവും പരസ്പരം വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ഇറാന് അതിശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ്. സമാധാന കരാറിന് തൊട്ടടുത്തെത്തിയ ശേഷം ചർച്ചകൾ വൈകിപ്പിച്ചതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.


ഗൾഫ് മേഖലയിൽ യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ഡ്രോൺ ഉപയോഗിച്ച് വെടിവെച്ചിട്ടതിന് മറുപടിയായി കഴിഞ്ഞ ദിവസം യുഎസ് ഇറാനിൽ കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ 21 മിസൈലുകൾ തൊടുത്തുവിട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലെത്തിയത്.


തകർന്നടിഞ്ഞ് സമാധാന കരാർ ചർച്ചകൾ


ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമോന്നത നേതാവിനെ വധിച്ചതോടെയാണ് ഗൾഫ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഏപ്രിലിൽ ഇരുപക്ഷവും താൽക്കാലിക വെടിനിർത്തലിന് തയ്യാറാവുകയും പാകിസ്താന്റെ മധ്യസ്ഥതയിൽ സമാധാന കരാറിനായുള്ള ചർച്ചകൾ നടന്നു വരികയുമായിരുന്നു. എന്നാൽ പുതിയ ആക്രമണങ്ങളോടെ നയതന്ത്ര നീക്കങ്ങൾ പൂർണമായും തകർന്നു.


യുഎസ് സ്ഥിരതയില്ലാത്ത നിലപാടുകളിലൂടെയും വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടും നയതന്ത്ര പ്രക്രിയകളെ തകർത്തുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അതേസമയം, ഇറാന്റെ നാവിക-വ്യോമ സേനകൾ നിലവിൽ പൂർണമായും തകർന്ന നിലയിലാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.


കുടിവെള്ള സ്രോതസ്സുകൾ തകർത്തു; യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം


ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ എന്നിവയാണ് യുഎസ് തകർത്ത്. എന്നാൽ യുഎസ് ആക്രമണത്തിൽ തങ്ങളുടെ രണ്ട് പ്രധാന ഡാമുകൾ തകർന്നതായും തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതായതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഇതിന് പിന്നാലെ ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ റെവല്യൂഷനറി ഗാർഡ് വലിയ തോതിൽ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. കുവൈറ്റും ഈ ആക്രമണങ്ങളെ പ്രതിരോധിച്ചു. എന്നാൽ ഇറാന്റെ മിസൈലുകളെല്ലാം യുഎസ് പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് വൃത്തങ്ങൾ അറിയിച്ചു.


ആശങ്കയോടെ ഇന്ത്യ; സമുദ്രപാതയിൽ കനത്ത ഭീഷണി


ഗൾഫ് മേഖലയിലെ യുദ്ധം അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് കനത്ത ഭീഷണിയാവുകയാണ്. ഒമാൻ തീരത്ത് സെറ്റെബെല്ലോ എണ്ണക്കപ്പലിന് നേരെ ഉണ്ടായ മിസൈലാക്രമണത്തിൽ 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മേഖലയിലെ സംഘർഷം അടിയന്തിരമായി ലഘൂകരിക്കണമെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.


ഈ ആഴ്ച ആദ്യം യുഎസ് മിസൈലേറ്റ മറ്റൊരു എണ്ണക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരെയും ഒമാൻ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. അതിനിടെ, ഇറാന്റെ യുറേനിയം ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകരായ ഐഎഇഎ, യുഎസ് പിന്തുണയോടെ പ്രമേയം പാസാക്കി. ഇതിനെതിരെ ഇറാൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നാണ് ഇറാന്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home