ad
Deshabhimani

യുഎസിൽ പണപ്പെരുപ്പം മൂന്ന് വർഷത്തെ ഉയർന്ന നിരക്കിൽ; ഇന്ധനവില കുതിക്കുന്നു

US

Photo:Getty Images

വെബ് ഡെസ്ക്

Published on Jun 10, 2026, 08:54 PM | 2 min read

വാഷിംഗ്ടൺ : അമേരിക്കയിൽ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.2 ശതമാനത്തിലേക്ക് ഉയർന്നു. ഏപ്രിലിലെ 3.8 ശതമാനത്തിൽ നിന്നാണ് മേയ് മാസത്തിൽ പണപ്പെരുപ്പം വലിയ തോതിൽ വർധിച്ചതെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ഇറാനുമായി യുഎസും ഇസ്രായേലും നടത്തുന്ന യുദ്ധത്തെത്തുടർന്നുണ്ടായ ഇന്ധനവില വർധനവാണ് പണപ്പെരുപ്പം കുതിച്ചുയരാൻ കാരണം.


തുടർച്ചയായ മൂന്നാം മാസമാണ് യുഎസിൽ വിലക്കയറ്റം രൂക്ഷമാകുന്നത്. ഇതിനുമുമ്പ് 2023 ഏപ്രിലിലാണ് രാജ്യം ഇതിലും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്. അന്ന് റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജപ്രതിസന്ധിയായിരുന്നു തിരിച്ചടിയായതെങ്കിൽ, ഇത്തവണ ഗൾഫ് മേഖലയിലെ യുദ്ധമാണ് അമേരിക്കൻ കുടുംബങ്ങളുടെ ബഡ്ജറ്റ് തകർക്കുന്നത്.


ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനവിലയിൽ വൻ വർധനവ്


കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം വർധനവാണ് മേയ് മാസത്തിൽ ഗ്യാസ്, വൈദ്യുതി ബില്ലുകളിൽ ഉണ്ടായിരിക്കുന്നത്. പെട്രോൾ വിലയിലുണ്ടായ കുതിപ്പാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഫെബ്രുവരി 28ന് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് ഇറാനെതിരെ സൈനികാക്രമണം ആരംഭിക്കുമ്പോൾ യുഎസിൽ ഒരു ഗാലൻ സാധാരണ പെട്രോളിന് 2.98 ഡോളറായിരുന്നു വില. എന്നാൽ നിലവിലിത് 4.15 ഡോളറായി ഉയർന്നതായി ഓട്ടോമൊബൈൽ അസോസിയേഷൻ വ്യക്തമാക്കുന്നു.


യുഎസ് ആക്രമണത്തിന് പിന്നാലെ ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. ഇതാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായത്. യുദ്ധം പെട്ടെന്ന് അവസാനിച്ചാൽ പോലും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം സാധാരണ നിലയിലാകാൻ 2027 വരെ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.


ട്രംപിന് തിരിച്ചടി; പലിശനിരക്ക് ഉയർത്തിയേക്കും


പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് വരും ദിവസങ്ങളിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്നാണ് സൂചന. പലിശനിരക്ക് ഉയർത്തുന്നത് വായ്പാ ചെലവുകൾ വർധിപ്പിക്കുകയും വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ചെയ്യും, ഇത് വിലക്കയറ്റം തടയാൻ സഹായിക്കുമെങ്കിലും ജനങ്ങൾക്ക് കൂടുതൽ ഭാരമാകും. ഫെഡറൽ റിസർവിന്റെ പുതിയ ഗവർണർ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ആദ്യ പലിശനിരക്ക് പ്രഖ്യാപനത്തിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടായേക്കാം. നിലവിൽ 3.5 ശതമാനം മുതൽ 3.75 ശതമാനം വരെയാണ് യുഎസിലെ പലിശനിരക്ക്.


നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഈ വിലക്കയറ്റം വലിയ രാഷ്ട്രീയ തിരിച്ചടിയാകും. പണപ്പെരുപ്പം കുറയ്ക്കുമെന്ന വാഗ്ദാനവുമായാണ് 2024ൽ ട്രംപ് അധികാരത്തിലേറിയത്. എന്നാൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ജീവിതച്ചെലവിനെക്കുറിച്ച് താൻ ഒട്ടും ചിന്തിക്കുന്നില്ലെന്നും ഇറാനെ ആണവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നതു മാത്രമാണ് ലക്ഷ്യമെന്നുമാണ് ട്രംപ് മുൻപ് പ്രതികരിച്ചത്. വിമാന ടിക്കറ്റ് നിരക്കുകൾ, ചികിത്സാ ചെലവുകൾ, വിനോദം, വാർത്താവിനിമയം എന്നിവയ്ക്കും മേയ് മാസത്തിൽ യുഎസിൽ വലിയ വിലവർധനവുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home