കാപ്പ പ്രതിക്ക് വേണ്ടി സമരം; സരസ്വതിയമ്മയുടെ പ്രതിഷേധത്തിൽ നാണംകെട്ട് ബിജെപി നേതൃത്വം

ബിജെപി സമരത്തെ ചോദ്യം ചെയ്യുന്ന സരസ്വതിയമ്മ
തിരുവനന്തപുരം: അറസ്റ്റിലായ കാപ്പ കേസ് പ്രതിയെ വിട്ടുകിട്ടാനുള്ള ബിജെപിയുടെ വഴിതടയൽ സമരത്തിൽ പ്രതിഷേധവുമായി വയോധിക. വഴയടച്ച് സമരം ചെയ്യുന്നതിന് എന്തിന് വേണ്ടിയെന്ന് ചോദിച്ചാണ് സരസ്വതിയമ്മ എത്തിയത്. വഴിതടഞ്ഞാൽ തങ്ങൾക്ക് എങ്ങനെ പോകാൻ സാധിക്കുമെന്ന ചോദ്യമാണ് സരസ്വതിയമ്മ ഉയർത്തുന്നത്. വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. രോഷാകുലയായ വയോധികയെ ബിജെപി പ്രവർത്തകർ സരസ്വതിയമ്മയെ അനുനയിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് അവർ പ്രതിഷേധിച്ചത്. ഒടുവിൽ നാണംകെട്ട് ധൃതിയിൽ സമരം ഉദ്ഘാടനം ചെയ്ത് സമരം അവസാനിപ്പിച്ച് ബിജെപി നേതൃത്വം തടി തപ്പി.
വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. നാടകീയ രംഗങ്ങൾക്കൊടുവിൽ സാഹസികമായാണ് സുഗതനെ പിടികൂടിയത്. അറസ്റ്റിനിടെ പൊലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. ഒരു മാസത്തിലേറെ ഒളിവിലായിരുന്ന സുഗതൻ ചൊവ്വ രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനായി എത്തിയെങ്കിലും ബിജെപി പ്രവർത്തകർ വളഞ്ഞു.
എസ്എച്ച്‌ഒ ആകാശത്തേക്ക് വെടിയുതിർത്തതോടെ ബിജെപിക്കാർ നാലുപാടും ചിതറി ഓടുകയായിരുന്നു. തുടർന്നാണ് സുഗതനെ പിടികൂടിയത്. മാർച്ച് 22ന് കടയിൽ മുടമ്പ് ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെ വെള്ളെക്കടവിൽവച്ച് പുളിയറക്കോണം കുളുമല സ്വദേശി പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുഗതൻ ഒളിവിൽ പോയത്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം സുഗതനെ വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.
കാപ്പ കേസ് പ്രതിയായ സുഗതൻ കൗൺസിലറായതിനുശേഷം വാർഡ് ആർഎസ്എസ് ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായി മാറിയിരുന്നു. വട്ടിയൂർക്കാവ് മലമുകളിൽ ആർഎസ്എസ് നടത്തിയ ആക്രമണത്തിന് വിവിധ പ്രദേശങ്ങളിൽനിന്ന് ഗുണ്ടകളെ എത്തിച്ചതും സുഗതനാണ്. ഈ പ്രതിയെ വിട്ടുകിട്ടുന്നതിനായിരുന്നു ബിജെപിയുടെ വഴിതടയൽ സമരം.









0 comments