ഉക്രെയ്ന്റെ മിസൈലാക്രമണം; റഷ്യയുടെ ഡ്രോൺ-മിസൈൽ നിർമാണ കേന്ദ്രങ്ങൾ തകർത്തു

ആക്രമണം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു |Photo:Reuters
കീവ് : റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ, റഷ്യൻ അതിർത്തിക്കുള്ളിലേക്ക് ആഴത്തിൽ കടന്ന് മിസൈലാക്രമണം നടത്തി ഉക്രെയ്ൻ. യുദ്ധമുന്നണിയിൽ നിന്നും 900 കിലോമീറ്ററിലധികം അകലെയുള്ള ചുവേഷ് റിപ്പബ്ലിക്കിലെ ചെബോക്സരി നഗരത്തിലുള്ള റഷ്യൻ സൈനിക പ്ലാന്റിലാണ് ഉക്രെയ്ൻ മിസൈലുകൾ പതിച്ചത്. ഉക്രെയ്ൻ സ്വന്തമായി വികസിപ്പിച്ച 'എഫ്പി-5 ഫ്ലമിംഗോ' ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.
റഷ്യൻ സൈന്യത്തിന് ആവശ്യമായ ഡ്രോണുകളും മിസൈൽ ഭാഗങ്ങളും നിർമിച്ച് നൽകുന്ന പ്രധാന പ്ലാന്റുകളിലൊന്നായ 'വിഎൻഐഐആർ-പ്രോഗ്രസ്' ആണ് ആക്രമിക്കപ്പെട്ടതെന്ന് ഉക്രെയ്ൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായതായും മൂന്ന് പേർക്ക് പരിക്കേറ്റതായും പ്രാദേശിക റഷ്യൻ അധികൃതരും സ്ഥിരീകരിച്ചു.
ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ ആക്രമണം
മിസൈൽ പ്ലാന്റിന് പുറമെ, അസോവ് കടൽത്തീരത്തെ തുറമുഖ നഗരമായ മരിയുപോൾ, സമരയിലെ റഷ്യൻ എണ്ണ ശുദ്ധീകരണ ശാല, കരിങ്കടലിലെ റഷ്യയുടെ 'ഷാഡോ ഫ്ലീറ്റ്' എണ്ണ ടാങ്കർ എന്നിവടങ്ങളിലും ഉക്രെയ്ൻ ഒരേസമയം ആക്രമണം നടത്തി. റഷ്യൻ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുന്നത് തങ്ങളുടെ നിയമപരമായ അവകാശമാണെന്ന് കീവ് ആവർത്തിച്ചു.
കഴിഞ്ഞ രാത്രിയിൽ മാത്രം ഉക്രെയ്ന്റെ 326 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, റഷ്യയുടെ 207 ഡ്രോണുകളിൽ 181 എണ്ണം തകർത്തതായി ഉക്രെയ്നും അറിയിച്ചു. എന്നാൽ റഷ്യൻ ഡ്രോണുകൾ പതിച്ച് 14 സ്ഥലങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാവുകയും രണ്ട് കുട്ടികളടക്കം 26 പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.
റഷ്യൻ തലസ്ഥാനമായ മോസ്കോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ലക്ഷ്യമിടാൻ ശേഷിയുള്ളതാണ് ഉക്രെയ്ൻ പുതുതായി പ്രയോഗിച്ച 'എഫ്പി-5 ഫ്ലമിംഗോ' ക്രൂയിസ് മിസൈലുകൾ. 1,150 കിലോഗ്രാം യുദ്ധശേഖരം വഹിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾക്ക് 3,000 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ സാധിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ കൂടുതൽ ദൂരപരിധിയുള്ള മിസൈലുകൾ നിർമിച്ച് റഷ്യക്ക് കനത്ത സാമ്പത്തിക-സൈനിക നഷ്ടം വരുത്താനാണ് ഉക്രെയ്ൻ ശ്രമിക്കുന്നത്.
എന്നാൽ, സമാധാന ചർച്ചകൾക്കായുള്ള എല്ലാ നിർദ്ദേശങ്ങളും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതുവരെ നിരസിച്ചിരിക്കുകയാണ്. റഷ്യൻ സൈന്യം എല്ലാ യുദ്ധമുന്നണികളിലും മുന്നേറുകയാണെന്നാണ് ക്രെംലിൻ അവകാശപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി യുദ്ധമുന്നണിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.










0 comments