ad
Deshabhimani

print edition ‘ഇടി’മിന്നൽ; മികച്ച നേട്ടവുമായി ഇന്ത്യൻ ബോക്‌സിങ്‌ ടീം

Boxing India

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ബോക്--സിങ് ടീം.

വെബ് ഡെസ്ക്

Published on Aug 03, 2026, 02:43 AM | 2 min read

ഗ്ലാസ്‌ഗോ : കോമൺവെൽത്ത്‌ ഗെയിംസ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടവുമായാണ്‌ ഇന്ത്യൻ ബോക്‌സിങ്‌ ടീം മടങ്ങുന്നത്‌. ഷൂട്ടിങ്ങും ഗുസ്‌തിയും ഉൾപ്പെടെ ഇന്ത്യയുടെ പ്രധാന മെഡൽ ഇനങ്ങളില്ലാതിരുന്ന ഗ്ലാസ്‌ഗോയിൽ ഇടിക്കൂട്ടിലെ താരങ്ങളാണ്‌ കരുത്തായത്‌. ഏഴ്‌ സ്വർണവും മൂന്ന്‌ വെള്ളിയും ഉൾപ്പെടെ 10 മെഡലുകൾ ബോക്‌സിങ്‌ ടീം നൽകി. ഇന്ത്യ ആകെ നേടിയ സ്വർണം 13 ആണ്‌. വനിതകളാണ്‌ തിളങ്ങിയത്‌. ഏഴംഗ ടീമിലെ ആറ്‌ പേർക്കും മെഡൽ കിട്ടി. അതിൽ അഞ്ച്‌ പേർ ചാന്പ്യൻമാർ. പുരുഷ വിഭാഗത്തിൽ നാല്‌ മെഡൽ. രണ്ട്‌ വീതം സ്വർണവും വെള്ളിയും. സെപ്‌തംബർ 19 മുതൽ ഒക്‌ടോബർ നാല്‌ വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ്‌ അടുത്ത ലക്ഷ്യം. 2028ലെ ലൊസ്‌ ആഞ്ചലസ്‌ ഒളിന്പിക്‌സിനുള്ള മുന്നൊരുക്കം കൂടിയാണിത്‌. ഇക്കുറി 14 അംഗങ്ങളായിരുന്നു ബോക്‌സിങ്‌ ടീമിൽ.


വനിതാ ടീമിനെ ഒളിന്പിക്‌സ്‌ മെഡൽ ജേത്രി ലവ്‌ലിന ബൊർഗോഹെയ്‌നാണ്‌ നയിച്ചത്‌. ഏഴംഗ ടീമിൽ 65 കിലോയിൽ മത്സരിച്ച പർവീൺ ഹൂഡ ക്വാർട്ടറിൽ പുറത്തായി. പ്രീതി പവാർ (54), ജാസ്‌മിൻ ലംബോറിയ (57), സാക്ഷി ച‍ൗധരി (51), പ്രിയ ഗംഗാസ്‌ (60), അരുന്ധതി ച‍ൗധരി (70)‍ എന്നിവർ സ്വർണം നേടി. ലവ്‌ലിന 75 കിലോ വിഭാഗത്തിൽ വെള്ളിയും സ്വന്തമാക്കി. ജാസ്‌മിൻ തോൽപ്പിച്ചത്‌ നിലവിലെ ചാന്പ്യൻ വടക്കൻ അയർലൻഡിന്റെ മിച്ചേല വാൽഷിനെയാണ്‌. അരുന്ധതി ലോക ചാന്പ്യൻഷിപ്‌ വെങ്കലമെഡൽ ജേതാവ്‌ ഇംഗ്ലണ്ടിന്റെ ചാന്റെല്ലെ റെയ്‌ഡിനെ കീഴടക്കി.


ലവ്‌ലിനയൊഴികെ മറ്റെല്ലാവരും ഇന്ത്യൻ ബോക്‌സിങ്ങിലെ നവനിരയിലുള്ളവരാണ്‌. ഇന്ത്യൻ പട്ടാളത്തിലാണ്‌ ജാസ്‌മിനും പ്രീതിയും. ജാസ്‌മിന്‌ 24 വയസാണ്‌. പ്രീതിക്ക്‌ 23. ഇരുപത്തഞ്ചുകാരിയായ സാക്ഷിയുടെ പ്രകടനവും ശ്രദ്ധേയമായി. ട്രയൽസിൽ മീനാക്ഷി ഹൂഡയെയും നിഖാത്‌ സറീനെയുമാണ്‌ സാക്ഷി മറികടന്നത്‌. 54 കിലോയിൽ മത്സരിച്ചിരുന്ന സാക്ഷി സമീപകാലത്താണ്‌ 51 ലേക്ക്‌ മാറിയത്‌. ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ്‌ ഇരുപതുകാരിയായ പ്രിയ ഗംഗാസ്‌. രാജ്യാന്തര ബോക്‌സിങ്ങിലെ അരങ്ങേറ്റംതന്നെ സ്വർണവുമായിട്ടായിരുന്നു. ഏഷ്യൻ ബോക്‌സിങ്‌ ചാന്പ്യൻഷിപ്പിലായിരുന്നു നേട്ടം. അന്ന്‌ തോൽപ്പിച്ചത്‌ മുൻ ലോക ചാന്പ്യൻ ചൈനയുടെ ചെൻഗ്യു യാങ്ങിനെ. സാക്ഷിയും പ്രിയയും ബന്ധുക്കളാണ്‌. ജാസ്‌മിനും പ്രീതിയും സാക്ഷിയും പ്രിയയും ഹരിയാനയിലെ ഭിവാനി ജില്ലക്കാരാണ്‌.


ബോക്‌സിങ്ങിന്‌ വേരോട്ടമില്ലാത്ത രാജസ്ഥാനിലെ കോട്ടയിൽനിന്നെത്തിയ അരുന്ധതി അസാമാന്യ പ്രകടനമാണ്‌ പുറത്തെടുക്കുന്നത്‌. 23 വയസാണ്‌. ബാസ്‌കറ്റ്‌ബോളിലായിരുന്നു തുടക്കം. ഇടിച്ചുജയിക്കണമെന്ന അച്ഛന്റെ ഉപദേശമാണ്‌ ബോക്‌സിങ്ങിലേക്ക്‌ വഴിയൊരുക്കിയത്‌. ഇരുപത്തെട്ടുകാരിയായ ലവ്‌ലിന ബോക്‌സിങ്ങിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്‌.

പുരുഷൻമാരിൽ ഇരുപത്താറുകാരൻ സച്ചിൻ സിവാച്‌ ടീമിനെ നയിച്ചു. ഇരുപത്തിരണ്ടുകാരൻ അങ്കുഷ്‌ പംഗൽ പ്രതീക്ഷ നൽകി. ഫൈനലിൽ തോറ്റെങ്കിലും ഇരുപത്തൊന്നുകാരൻ ജദുമണി സിങ്‌ ഇന്ത്യൻ ബോക്‌സിങ്ങിലെ അടുത്ത സൂപ്പർ താരമാകുമെന്നാണ്‌ വിലയിരുത്തൽ. മുപ്പത്തൊന്നുകാരനായ നരേന്ദർ ബെർവാളാണ്‌ വെള്ളി നേടിയ മറ്റൊരു താരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home