print edition അവിടെ പ്രളയം; ഇവിടെ യാത്രയും സൽക്കാരവും

തിരുവനന്തപുരം : മഴക്കലിയിൽ നാട് മുങ്ങുന്പോൾ, മുഖ്യമന്ത്രി വി ഡി സതീശൻ അമ്മായിയച്ഛനെ കാണാൻ സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിൽ പോയതും പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതും വിവാദത്തിൽ. ഒൗദ്യോഗിക ആവശ്യത്തിനുമാത്രം ഉപയോഗിക്കേണ്ട ഹെലികോപ്‌റ്റർ അമ്മായിയച്ഛനെ സന്ദർശിക്കാനാണ് ഉപയോഗിച്ചത്. ഹെലികോപ്റ്ററിന്റെ കൈകാര്യചുമതലയുള്ള പൊലീസ്,എന്തിന് വിട്ടുനൽകിയെന്ന ചോദ്യവും ഉയരുന്നു.
ഒൗദ്യോഗിക, അടിയന്തര പൊതുആവശ്യങ്ങൾക്കല്ലാതെ വാടക ഹെലികോപ്‌റ്റർ ഉപയോഗിച്ചിട്ടില്ല. മാവോയിസ്‌റ്റ് ഭീഷണിയുള്ള പ്രദേശങ്ങളുടെ വ്യോമ നിരീക്ഷണം, തീരദേശ, അതിർത്തി പ്രദേശങ്ങളിലെ നിരീക്ഷണം, എയർ ആംബുലൻസ്, അവയവ കൈമാറ്റം, പ്രകൃതിക്ഷോഭ സമയങ്ങളിലെ രക്ഷാപ്രവർത്തനവും നിരീക്ഷണവും എന്നിവയ്ക്ക് ഉപയോഗിക്കാനാണ് അനുമതി. അത്യാവശ്യഘട്ടത്തിൽ ഗവർണർ, മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപയോഗിക്കാം. എന്നാൽ, സ്വകാര്യാവശ്യത്തിന് ആരും ഉപയോഗിച്ചിട്ടില്ല. എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് അവയവ കൈമാറ്റത്തിന് എയർ ആംബുലൻസായാണ് പ്രധാനമായും ഉപയോഗിച്ചത്.
ശനിയാഴ്ച വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനം വിറങ്ങലിച്ചുനിൽക്കുന്പോഴാണ് പൊന്നാനിയിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ വിരുന്നുസൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തത്. ഉരുൾപൊട്ടലിൽ എട്ടുപേർ മരിക്കുകയും വീടുപേക്ഷിച്ച് ജനങ്ങൾ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയംതേടുകയും ചെയ്യുന്നതിനിടെയാണ് ദുരന്ത നിവാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ വിരുന്നുസൽക്കാര ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ശനി ഉച്ചയ്ക്ക് ശേഷം പി നൗഷാദലി എംഎല്‍യ്ക്കൊപ്പമാണ് യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെത്തി അരമണിക്കൂറിലേറെ ചെലവഴിച്ചത്.
ദുരന്ത സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന മുഖ്യമന്ത്രി ശനിയാഴ്ച സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു. രാവിലെ ആലുവയിലെ സ്വകാര്യ ആശുപത്രി ഉദ്‌ഘാടനം. തുടർന്ന് കളമശ്ശേരി എഐഎസ്‌എടി എൻജിനിയറിങ് കോളേജ്, കറുകുറ്റി എസ്‌സിഎംഎസ് എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിൽ പരിപാടി.
ഉച്ചയ്‌ക്കുശേഷം പൊന്നാനിയിൽ ഉച്ചഭക്ഷണം, കുറ്റിപ്പുറം കെഎംസിടി കോളേജിൽ കോൺക്ലേവ് ഉദ്‌ഘാടനം, മലപ്പുറത്ത് മുഹമ്മദിലി ശിഹാബ് തങ്ങൾ അനുസ്‌മരണം, കോഴിക്കോട് ഹൈലൈറ്റ് മാളിൽ കോഫി ഷോപ്പിന്റെ ഉദ്‌ഘാടനത്തിലുമാണ് പങ്കെടുത്തത്. ഞായറാഴ്‌ച ജ്വല്ലറി ഉദ്‌ഘാടന ത്തിലും പങ്കെടുത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘നോ കമന്റ്‌സ്’ എന്നായിരുന്നു ഉത്തരം.









0 comments