Deshabhimani

print edition മംഗളൂരു ഇനി മെെസൂരുവിൽ; കേരളത്തിന്റ പാളം തെറ്റി

VD
avatar
വിനോദ്‌ പായം

Published on Oct 01, 2026, 12:03 AM | 2 min read

കണ്ണൂർ : കേരളത്തിന്റെ റെയിൽവേ വികസനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായി പാലക്കാട്‌ റെയിൽവേ ഡിവിഷനിൽനിന്ന്‌ മംഗളൂരു ഭാഗം വെട്ടിമാറ്റി. സ‍ൗത്ത്‌ വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനുകീഴിലാണ്‌ ഇനിമുതൽ മംഗളൂരു.


പാലക്കാട്‌ ഡിവിഷന്റെ അവസാന സ്റ്റോപ്പ്‌ ഇനി മഞ്ചേശ്വരം. സതേൺ റെയിൽവേയും സ‍ൗത്ത്‌ വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള കൈമാറ്റകേന്ദ്രം പടീലിൽനിന്ന്‌ മഞ്ചേശ്വരം കഴിഞ്ഞുള്ള ഉള്ളാളിലേക്ക്‌ മാറുന്നതിന്റെ ധാരണപത്രമായി.


പാലക്കാട്‌ ഡിവിഷന്റെ നിലനിൽപ്പും ഭാവിയും തുലാസിലാക്കുന്നതാണ്‌ നടപടി. കർണാടക കോൺഗ്രസ്‌ സർക്കാരിന്റെ താൽപ്പര്യപ്രകാരം റെയിൽ സഹമന്ത്രി വി സോമണ്ണ ഇടപെട്ടാണ്‌ മംഗളൂരുവിനെ അടർത്തിമാറ്റിയത്‌. കൊങ്കൺ, സ‍ൗത്ത്‌ വെസ്റ്റേൺ, സതേൺ റെയിൽവേയുടെ പരിധിയിലുള്ള മംഗളൂരുവിനെ ഒറ്റഡിവിഷനിലേക്ക്‌ മാറ്റുന്നു എന്നാണ്‌ ന്യായം.


നിലവിൽ മംഗളൂരുവിലുള്ള പാലക്കാട്‌ ഡിവിഷന്റെ ലോക്കോ പൈലറ്റ്‌, ഗാർഡ്‌ ക്രൂ ഡിപ്പോകൾ കണ്ണൂരിലേക്ക്‌ മാറി. ട്രെയിൻ നിയന്ത്രണത്തിന്‌ പുതിയ കൺട്രോൾ ബോർഡ്‌ മൈസൂരുവിൽ സ്ഥാപിച്ചു.


പാലക്കാട്‌ ഡിവിഷനിലേക്ക്‌ 90 ശതമാനം ചരക്കെത്തുന്ന ഉള്ളാൾ, പനന്പൂർ, തൊക്കൂർ, ബന്തർ മേഖലകളിലേക്ക്‌ ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റ്‌ പരിശീലനം മൈസൂരുവിൽ നടക്കുന്നു. മംഗളൂരു ജങ്‌ഷൻ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകളിൽ ട്രെയിൻ മാറ്റിയിടുന്ന ചുമതല ഇനി ഇവർക്കാകും.


ഉപ്പളയിലോ ഷൊർണൂരിലോ പുതിയ ടെർമിനൽ സ്ഥാപിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കോച്ച്‌ ശുചീകരണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള മംഗളൂരു പിറ്റ്‌ ലൈൻ നഷ്‌ടമായതോടെ ഇത്‌ കണ്ണൂരിൽ സ്ഥാപിക്കേണ്ടി വരും. മംഗളൂരുവിലെ എട്ട്‌ പ്ലാറ്റ്‌ഫോം, മൂന്ന്‌ പിറ്റ്‌ ലൈൻ, ഏഴ്‌ നിർത്തിയിടൽ (സ്റ്റബ്ലിങ്‌) ലൈൻ എന്നിവയാണ്‌ പാലക്കാടിന്‌ നഷ്‌ടമായത്‌.


മംഗളൂരുവിലെ ജീവനക്കാരിൽ 70 ശതമാനവും മലയാളികളാണ്‌. ഇവർക്ക്‌ കേരളത്തിലേക്ക്‌ വരാമെന്നാണ്‌ റെയിൽവേ പറയുന്നതെങ്കിലും ഓപ്പറേഷൻ, കോമേഴ്‌സ്യൽ, മെക്കാനിക്കൽ, എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ വിഭാഗം ജീവനക്കാർക്ക്‌ തസ്‌തിക കുറവുമൂലം മൈസൂരു ഡിവിഷനിലെ വിദൂരസ്ഥലങ്ങളിൽ തുടരേണ്ടി വരും.


മിണ്ടിയില്ല, സർക്കാരും 
യുഡിഎഫ്‌ എംപിമാരും


പാലക്കാട്‌ റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാൻ കേന്ദ്രത്തിന്‌ പ്രോത്സാഹനമായത്‌ യുഡിഎഫ്‌ എംപിമാരുടെയും സംസ്ഥാന സർക്കാരിന്റെയും നിസ്സംഗത. മംഗളൂരു ഭാഗം മൈസൂരു ഡിവിഷനിലേക്ക്‌ പോയതുപോലും എംപിമാർ അറിഞ്ഞത്‌ മാധ്യമങ്ങളിലൂടെ. പാത ഇരട്ടിപ്പിക്കൽ സർവേയടക്കം റെയിൽവേ വികസനം പാതിവഴിയിൽ നിലച്ചിട്ടും പ്രതികരിച്ചില്ല.


എല്ലാവർഷവും എപ്രിൽ, മെയ്‌ മാസങ്ങളിൽ റെയിൽവേ വികസനം ചർച്ചചെയ്യാൻ യോഗംചേരാറുണ്ട്‌. ഇത്തവണ അതുണ്ടായില്ല. യോഗം വിളിക്കാൻ റെയിൽവേയോ സമ്മർദം ചെലുത്താൻ എംപിമാരോ തയ്യാറായില്ല. എന്നാൽ, റെയിൽവേ സഹമന്ത്രി വി സോമണ്ണയെ ഉപയോഗിച്ച്‌ കർണാടകം അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home