ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസൻസ് വിതരണം
ആർടിഒ ഏജന്റിന് 28 വർഷം കഠിനതടവ്

പത്തനംതിട്ട
വ്യാജമായി ഡ്രൈവിങ് ലൈസൻസും ഇതരരേഖകളും തയ്യാറാക്കി നൽകിയ കേസിൽ ആർടിഒ ഏജന്റിന് 28 വർഷം കഠിനതടവും 2,50,000 രൂപ പിഴയും. അടൂർ സ്വദേശി എ മുഹമ്മദ് ഷഫീക്കി (-47) നെയാണ് കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
പത്തനംതിട്ട ആർടിഒ ഓഫീസിൽനിന്ന് അനുവദിക്കേണ്ട വിവിധ സേവനങ്ങൾ നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ വ്യാജമായി നൽകിയ കേസിലാണ് വിധി. 2008-–2009 കാലഘട്ടത്തിലുണ്ടായിരുന്ന പത്തനംതിട്ട ആർടിഒയും ഏജന്റായ ഷഫീക്കും മറ്റൊരു ഏജന്റും ചേർന്നാണ് വ്യാജ ലൈസൻസടക്കം നൽകിയത്. പുതിയ ഡ്രൈവിങ് ലൈസൻസ്, ഹെവി പാസഞ്ചർ വെഹിക്കിൾ ലൈസൻസുകൾ, ബാഡ്ജ് എന്നിവ കൂട്ടിച്ചേർക്കൽ, വിലാസം മാറ്റൽ അടക്കം വിവിധ അപേക്ഷകളുമായി എത്തിയവരിൽനിന്ന് പണം കൈപ്പറ്റുന്നതായിരുന്നു രീതി.
ഡ്രൈവിങ് ടെസ്റ്റോ മറ്റ് നിയമാനുസൃത നടപടിക്രമങ്ങളോ നടത്താതെ ലൈസൻസ് ലഭ്യമാക്കിയതിനും അതിനായി വ്യാജ രേഖകൾ തയ്യാറാക്കിയതിനും രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ മുൻ ആർടിഒ ഒന്നാംപ്രതിയും മറ്റൊരു ഏജന്റ് മൂന്നാം പ്രതിയുമായിരുന്നു. എന്നാൽ ഒരാൾ വിചാരണ വേളയിലും മറ്റൊരാൾ അന്വേഷണ മധ്യേയും മരണപ്പെട്ടു. ഈ കേസിലാണ് മുഹമ്മദ് ഷഫീക്കിനെ ശിക്ഷിച്ചത്.
കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. സി എസ് മോഹിത് ആണ് വിധി പുറപ്പെടുവിച്ചത്.
Highlights: കേസിൽ പ്രതിയായിരുന്ന മുൻ ആർടിഒയും മറ്റൊരു ഏജന്റും നേരത്തെ മരണപ്പെട്ടു









0 comments