വഴിതെറ്റിയ കുരുന്നുകൾക്ക് തുണയായി പൊലീസ്
അമ്മയെ കാണണമെന്ന് ആറുവയസുകാരി, സഹായിക്കാമെന്ന് പത്തുവയസുകാരൻ

പത്തനംതിട്ട
അമ്മയെ കാണാൻ വാശിപിടിച്ച ആറുവയസുകാരിയും സഹായിക്കാനെത്തിയ പത്തുവയസുകാരനും തുണയായത് പൊലീസ് ഉദ്യോഗസ്ഥ.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിയ കുട്ടികൾ എങ്ങോട്ട് പോകണമെന്നറിയാതെ പ്രതിസന്ധിയിലായതോടെയാണ് പൊലീസിന്റെ സഹായം. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷെമിമോളുടെ സമയോചിത ഇടപെടലിൽ ഇരുവരെയും രക്ഷിതാക്കളുടെ കൈയിൽ സുരക്ഷിതമായി തിരികെ ഏൽപ്പിച്ചു.
മൈലപ്ര അമല മാതാ ബഥനി ബോർഡിങ്ങിൽനിന്നാണ് ഇരുവരും സ്റ്റാൻഡിലെത്തിയത്. ഇവിടെനിന്ന് നടന്നാണ് കുട്ടികൾ സ്റ്റാൻഡിലെത്തിയത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് അമ്മയെ കാണണം എന്നുപറഞ്ഞതോടെ സഹായിക്കാൻ എത്തിയതാണ് പത്തുവയസുകാരൻ.
സ്റ്റാൻഡിൽ ചെറിയ രണ്ട് കുട്ടികൾ ഇരിക്കുന്നതുകണ്ട് സ്വകാര്യബസ് ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഉടൻതന്നെ പിങ്ക് പൊലീസിന്റെ സഹായത്തോടെ ഇവരെ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബുധൻ പകൽ 12.30ഓടെയാണ് ഇവർ ബസ് സ്റ്റാൻഡിലെത്തിയത്. ഒരു മണിക്കൂറിനകം തന്നെ രക്ഷിതാക്കളെ കണ്ടെത്തി കുട്ടികളെ തിരികെ ഏൽപ്പിച്ചു.









0 comments