തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്– പൊലീസ് വിദ്യാർഥിവേട്ട
വിദ്യാർഥികളുടെ തല തല്ലിപ്പൊളിച്ചു

പരിക്കേറ്റ വിദ്യാർഥി ശ്രീകുമാർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ
Published on Oct 01, 2026, 12:43 AM | 1 min read
തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളിലേക്ക് വിദ്യാർഥികൾക്കുനേരെ തീപ്പന്തമെറിഞ്ഞ് അതിക്രമം നടത്തിയ യൂത്ത് കോൺഗ്രസുകാർക്ക് പിന്നാലെ ക്രമസമാധാനം തടയാനെത്തിയ പൊലീസ് യുഡിഎഫ് ഭരണത്തിന്റെ അടിമകളായി. പ്രതിഷേധം അക്രമാസക്തമാക്കിയ യൂത്ത് കോൺഗ്രസ് ഗുണ്ടകളെ തടയുന്നതിനുപകരം അവർക്ക് സംരക്ഷണം നൽകി. യൂത്ത് നേതാക്കന്മാർ കൽപ്പിച്ചപ്പോൾ പൊലീസ് ഹോസ്റ്റലിനുള്ളിലേക്ക് ഇരച്ചുകയറി വിദ്യാർഥികളുടെ തല തല്ലിപ്പൊളിച്ചു. ‘ഞങ്ങളെന്ത് കുറ്റം ചെയ്‌തു’ എന്ന വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി ചോരചിന്തിക്കുന്ന ലാത്തിയടിയായിരുന്നു. പൊലീസ് താണ്ഡവമാടുന്പോൾ പുറത്തുനിന്ന് വലിയ കല്ലുകൾ വിദ്യാർഥികൾക്കുനേരെ എറിഞ്ഞു. മാരകമായി പരിക്കേറ്റിട്ടും വീണ്ടും തല്ലി. നിമിഷനേരംകൊണ്ട് ഹോസ്റ്റൽ പരിസരം ചോരക്കളമായി. മുതുകിലും കാലിലും കൈയിലും ചതവേറ്റ് വിദ്യാർഥികൾ പിടഞ്ഞുവീണു. ആക്രമണം നടത്തുകയെന്ന ആസൂത്രിത നീക്കവുമായാണ് യൂത്ത് കോൺഗ്രസ് ഹോസ്റ്റലിനുമുന്നിലൂടെ പ്രകടനം നടത്തിയത്. ബിയർക്കുപ്പി, വടിവാൾ, കല്ലുകൾ എന്നിവയെല്ലാം കരുതിയിരുന്നു. കൊടികെട്ടിയ കന്പുകളും വലിച്ചെറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലൻസുകളും സമരക്കാർ തടഞ്ഞു. സ്വകാര്യ വാഹനങ്ങൾക്കുനേരെയും ആക്രമണമഴിച്ചുവിട്ടു. വിദ്യാർഥികളെ തല്ലാനൊപ്പംകൂടി കന്റോൺമെന്റ് സിഐയും എസ്‌ഐയും സമരക്കാരുടെ ഭാഗമായി മാറിയിരുന്നു. വഴിയാത്രക്കാർക്കുനേരെയുണ്ടായ അതിക്രമങ്ങളെപ്പോലും തടയാൻ പൊലീസ് ശ്രമിച്ചില്ല. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയൻ സ്ഥലത്തെത്തിയിട്ടും വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കാൻ മണിക്കൂറുകൾ വൈകി.









0 comments