print edition കുട്ടികളുടെ മരണം കൊലപാതകം: അമ്മ അറസ്‌റ്റിൽ

നിവേദ്യ
ചിറ്റൂർ : ഇഷ്‌ടംപോലെ ജീവിക്കാൻ മക്കൾ ബാധ്യതയാകുമെന്നുകണ്ട് പെറ്റമ്മ അവരെ കൊലപ്പെടുത്തി. വീട്ടിലെ കുളിമുറിയിൽ സിമന്റ് തൊട്ടിയിൽ നിറച്ച വെള്ളത്തിൽ കുഞ്ഞുങ്ങളെ മുക്കിക്കൊന്ന അമ്മയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊഴിഞ്ഞാന്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുന്ന ജോൺകുമാറിന്റെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവർ മരിച്ച സംഭവത്തിൽ അമ്മ നിവേദ്യ(33)യെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
എറണാകുളത്ത് ഫാഷൻ ഡിസൈനിങ് പഠിക്കാൻ നിവേദ്യക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനായി കുട്ടികളെ അനാഥമന്ദിരത്തിൽ വിടാൻ ജോൺകുമാർ വഴങ്ങിയില്ല. ഇതോടെയാണ് കുട്ടികളെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന് അവർ പൊലീസിന് മൊഴിനൽകി.
ചൊവ്വ പകൽ 11നാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്.
കളിക്കുന്നതിനിടെ കുട്ടികളെ കാണാതായെന്നും പിന്നീട് വെള്ളത്തൊട്ടിയിൽ വീണ നിലയിൽ അവരെ കണ്ടെത്തുകയായിരുന്നുവെന്നാണ് നിവേദ്യ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. കളിക്കുന്നതിനിടെ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുവെന്നായിരുന്നു പ്രാഥമിക നിഗമനം. വെള്ളം ഉള്ളിൽച്ചെന്നതാണ് മരണകാരണം എന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും.
കുളത്തിൽ നീന്തിക്കുളിക്കാറുള്ള കുട്ടികൾ കുളിമുറിയിലെ ചെറിയ തൊട്ടിയിൽ വീണ് മരിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് ബുധനാഴ്ച കൂടുതൽ ചോദ്യംചെയ്തതോടെയാണ് നിവേദ്യ കുറ്റം സമ്മതിച്ചത്. നിവേദ്യയെ മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി മലമ്പുഴ സബ് ജയിലിലേക്ക് മാറ്റി.









0 comments