ad
Deshabhimani

print edition ഓറഞ്ച്‌ ബുക്ക്‌ അവഗണിച്ചു; ഒരുക്കം നടത്തിയില്ല, മുന്നറിയിപ്പും വിഴുങ്ങി

asam flood
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Aug 03, 2026, 03:17 AM | 2 min read

തിരുവനന്തപുരം : അതിതീവ്രമഴയ്‌ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ കൃത്യമായ മുന്നറിയിപ്പ്‌ സംസ്ഥാന സർക്കാർ അവഗണിച്ചു. ജൂലൈ 31 പകൽ മൂന്നിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്‌ നൽകിയിട്ടും ദുരന്തനിവാരണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമൊന്നുംനടത്തിയില്ല. ‘കേരളത്തിൽ അടുത്ത രണ്ടുദിവസം കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌’ എന്ന തലക്കെട്ടോടെ ഏഴ്‌ പേജുള്ള മുന്നറിയിപ്പാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത്‌. ആഗസ്‌ത്‌ ഒന്നുമുതൽ പ്രളയസാധ്യതാ പ്രദേശങ്ങൾ അടയാളപ്പെടുത്തിയ ഭ‍ൂപടത്തിൽ കണ്ണ‍ൂർ, കോഴിക്കോട്‌, വയനാട്‌, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ റെഡ്‌ അലർട്ടും അടയാളപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന സർക്കാരിന്‌ നിർദേശം നല്‍കി.


വെള്ളി രാത്രി 11.15നാണ്‌ ഓറഞ്ച്‌ അലർട്ട്‌ മാറി റെഡ്‌ അലർട്ട്‌ ആയത്‌. എന്നാല്‍ ഇ‍ൗ സമയംവരെ സർക്കാർ മുൻകരുതൽ നടപടി വേഗത്തിലാക്കിയില്ല. അതിതീവ്രമഴയും പ്രളയസാധ്യതയുമുള്ള പ്രദേശങ്ങളിൽനിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നതിൽ വീഴ്‌ചവരുത്തി. ഇതാണ്‌ ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്. നദികൾ, ജലാശയങ്ങൾ, വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ, ജനവാസകേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവ ചേർത്ത്‌ ദുരന്തനിവാരണ അതോറിറ്റി നൽകിയ നിർദേശത്തിലും നടപടിയെടുത്തില്ല. ജലനിരപ്പ്‌ ഉയരുന്നുവെന്ന്‌ വ്യക്തമായിട്ടും മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിലും അറിയിപ്പ് നല്‍കിയില്ല. ഡാമില്‍ നിന്ന് ഒഴുക്കിവിട്ട വെള്ളം പമ്പാ നദിയിലെത്തിയതോടെയാണ്‌ റാന്നിയും വടശേരിക്കര മേഖലയും വെള്ളത്തില്‍ മുങ്ങിയത്. നദികളിൽ ജലനിരപ്പ്‌ ഉയരുന്നുവെന്ന്‌ കേന്ദ്രജല കമീഷൻ വെള്ളിയാഴ്‌ച തന്നെ അറിയിച്ചിരുന്നു.


രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടി ഏകോപിപ്പിക്കുന്നതിലും സർക്കാർ പൂര്‍ണ പരാജയമായി. ദുരന്തനിവാരണത്തിന്‌ മുൻകൈയെടുക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസും റവന്യൂ മന്ത്രിയുടെ ഓഫീസും മറ്റുവകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഏകോപനത്തിന് മുൻകൈയെടുക്കേണ്ട മുഖ്യമന്ത്രി പ്രളയ ദിവസം സ്വകാര്യ ആവശ്യത്തിന് ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക്‌ പറന്നു. ഫോണിലാണ്‌ മുഖ്യമന്ത്രി കലക്ടർമാരെയും മന്ത്രിമാരെയും ബന്ധപ്പെട്ടത്‌. പ്രളയമുണ്ടായ ജില്ലകളിൽ മന്ത്രിമാർക്ക്‌ ചുമതല നൽകിയെങ്കിലും രക്ഷാസംവിധാനം വേഗത്തിലാക്കാനായില്ല. തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ കാണാതായ രണ്ടുപേരെ കണ്ടെത്താന്‍ തീരസംരക്ഷണസേന എത്തിയത്‌ 13 മണിക്കൂർ വൈകിയാണ്‌. രണ്ടുദിവസം പിന്നിട്ടിട്ടും ഇതുവരെ എന്തെല്ലാം ചെയ്തെന്ന്‌ വിശദീകരിക്കാൻപോലും മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞിട്ടില്ല.


ദുരന്തത്തിൽ എത്രപേർ മരിച്ചുവെന്നതിലും സർക്കാരിന്‌ വ്യക്തതയില്ലായിരുന്നു. പരസ്‌പരവിരുദ്ധമായ കണക്കാണ്‌ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ആദ്യം പറഞ്ഞത്‌. ദുരിതാശ്വാസക്യാന്പുകളിൽ അടിസ്ഥാനസ‍ൗകര്യങ്ങൾ ഒരുക്കാനും സാധിച്ചില്ല.


നിർദേശങ്ങൾക്ക് പുല്ലുവില


കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമനുസരിച്ച്‌ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ‘ഓറഞ്ച്‌ ബുക്ക്‌’ നിർദേശവും സർക്കാർ അവഗണിച്ചു. കാലവർഷ, തുലാവർഷ ഒരുക്ക മാർഗരേഖയാണ്‌ ഓറഞ്ച്‌ ബുക്ക്‌. ഇതനുസരിച്ച്‌ ഓറഞ്ച്‌ അലർട്ട്‌ (അതീവജാഗ്രത) പ്രഖ്യാപിച്ച സ്ഥലങ്ങളിൽനിന്ന്‌ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ക്യാന്പുകൾ സജ്ജമാക്കുകയും വേണം.

രക്ഷാസേനകളോട്‌ തയ്യാറെടുക്കാൻ ആവശ്യപ്പെടണം. ഇതൊന്നും ചെയ്തില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home