മഴക്കെടുതി; ഏകോപനം പാളി

കനത്ത മഴയിൽ ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് ആറളം ശലഭ സങ്കേതത്തിലേക്കുള്ള പാലം വെള്ളത്തിനടിയിലായപ്പോൾ
കണ്ണൂർ
കലിതുള്ളിപെയ്‌ത മഴയിൽ ജില്ലയാകെ പ്രളയസമാനം. വെള്ളം കയറിയിട്ടും ഏകോപനമില്ലാതെ സർക്കാർ സംവിധാനങ്ങൾ. ജില്ലയിൽ കനത്ത മഴപെയ്യുമെന്നും ഉരുൾപൊട്ടൽ സാധ്യതയുണ്ടാകുമെന്നും തിരിച്ചറിഞ്ഞിട്ടും മുൻകരുതലെടുക്കുന്നതിൽ സർക്കാർ സംവിധാനം പൂർണ പരാജയം. ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഗതാഗതതടസ്സവും വൈദ്യുതി ഇല്ലാതെയും പലയിടങ്ങളും ഒറ്റപ്പെട്ടുക്കിടക്കുകയാണ്. ദുരിതാശ്വാസക്യാന്പിലേക്ക് മാറ്റിയവർക്ക് സമയത്തിന് ഭക്ഷണം പോലും എത്തിച്ചിട്ടില്ല. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനോ ജില്ലയിൽനിന്നുള്ള മന്ത്രി സണ്ണിജോസഫ് തയ്യാറായിട്ടില്ല. ജില്ലയിൽ 32 വില്ലേജുകളിൽ മഴ പ്രതികൂലമായി ബാധിച്ചു, അഞ്ചിടത്ത് ഉരുൾപൊട്ടുകയും 13 വില്ലേജുകളിൽ വെള്ളംകയറിയിട്ടുമുണ്ട്. ശനിയാഴ്‌ച റെഡ് അലർട് ആണെന്ന് കലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും മുൻകരുതലുകളെടുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. സുരക്ഷാമുന്നറിയിപ്പുകൾപോലും വൈകി മാത്രമാണ് ഉണ്ടായത്. അതിവേഗത്തിൽ നദികളിൽ ജലനിരപ്പുയർന്നത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതിലും ആശയക്കുഴപ്പുമണ്ടായി. നേരം വെളുത്തപ്പോഴേക്കും ശ്രീകണ്‌ഠപുരം, ചപ്പാരപ്പടവ് ടൗണുകൾ ഉൾപ്പെടെ പൂർണമായും വെള്ളത്തിനടിയിലായി. നിരവധി ഗ്രാമീണ പ്രദേശങ്ങളിലും വെള്ളം കയറി. പലയിടത്തും ഗതാഗത തടസ്സങ്ങളുണ്ടായി. എന്നാൽ, ഏതൊക്കെ പ്രദേശങ്ങളിൽ അപകടസാധ്യതയുണ്ടായി എന്നതുസംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നതിലും അതിനനുസൃതമായ രക്ഷാപ്രവർത്തനം വിന്യസിക്കുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. ചെറുപുഴ പുളിങ്ങോം മേഖലയിൽ ദുരിതാശ്വാസക്യാന്പുകളിൽ വൈദ്യുതിയെത്തിക്കാനും അധികൃതർക്കായില്ല. മന്ത്രി സണ്ണിജോസഫ് സ്വന്തം മണ്ഡലത്തിലെ ദുരിതാശ്വാസകേന്ദ്രങ്ങൾ മാത്രമാണ് സന്ദർശിച്ചത്. ജില്ലയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേർക്കായി സന്നദ്ധ –രക്ഷാപ്രവർത്തകരും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ജീവൻ പണയംവച്ച് തെരച്ചിൽ നടത്തുന്പോഴും മന്ത്രി സ്വന്തം നാടായ തുണ്ടിയിൽ എത്തിയതുപോലും ഉച്ചയോടെമാത്രമാണ്. ഇരിട്ടിയിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാന്പുകളുള്ളത്. മലയോര പഞ്ചായത്തുകളിലെല്ലാം യുഡിഎഫ് ഭരണസമിതികളാണ് അധികാരത്തിലുള്ളത്. സർക്കാർ നിഷ്‌ക്രിയമായതോടെ അവയെല്ലാം എന്തുചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് മുഖേന കൃത്യമായ മാർഗനിർദേശങ്ങളിലൂടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. സിപിഐ എം പ്രാദേശിക നേതൃത്വവും ഡിവൈഎഫ്‌ഐ പോലുള്ള ഇടതുപക്ഷ യുവജന വിദ്യാർഥി ട്രേഡ്‌യൂണിയൻ ബഹുജന സംഘടനകളുമാണ് ക്യാന്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാനും ഒറ്റപ്പെട്ട ഇടങ്ങളിൽനിന്ന് ആൾക്കാരെ മാറ്റി താമസിപ്പിക്കാനും മുൻകൈയെടുക്കുന്നത്. ആറളം ഫാമൊന്നാകെ ഒറ്റപ്പെട്ടുകിടക്കുകയാണ്. വയനാട്ടിലേക്കുള്ള നെടുംപൊയിൽ പാതയിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതതടസ്സമുണ്ടായി. കലക്ടർ നൽകുന്ന നിർദേശങ്ങൾ അല്ലാതെ സംസ്ഥാന തലത്തിൽനിന്നുള്ള ഏകോപനവും ഉണ്ടാകുന്നില്ല.









0 comments