ad
Deshabhimani

print edition സമ്പൂർണം ഇന്ത്യ

INDIAN CRICKET TEAM
വെബ് ഡെസ്ക്

Published on Jul 27, 2026, 12:19 AM | 1 min read

ഹരാരെ: സിംബാബ്‌വെക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ തൂത്തുവാരി(3–0). അവസാന മത്സരം 35 റണ്ണിന്‌ ജയിച്ചു. 49 പന്തിൽ എട്ട്‌ ഫോറും നാല്‌ സിക്‌സറുമടക്കം 81 റണ്ണെടുത്ത ഓപ്പണർ വൈഭവ്‌ സൂര്യവംശിയാണ്‌ കളിയിലെ താരം. മൂന്ന്‌ കളിയിൽ 151 റണ്ണുമായി പരമ്പരയിലെ താരമെന്ന ബഹുമതിയും പതിനഞ്ചുകാരൻ സ്വന്തമാക്കി. സ്‌കോർ: ഇന്ത്യ 192/5, സിംബാബ്‌വെ 157/7.


ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സൂര്യവംശി തകർപ്പൻ ബാറ്റിങാണ്‌ കാഴ്‌ചവെച്ചത്‌. സഹഓപ്പണർ അഭിഷേക്‌ ശർമ രണ്ട്‌ റണ്ണിന്‌ പുറത്തായി. മൂന്ന്‌ കളിയിൽ 11 റണ്ണാണ്‌ സമ്പാദ്യം. ഇഷാൻ കിഷനും (29) ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യരും(27) സ്‌കോർ ഉയർത്താൻ സഹായിച്ചു. സൂര്യവംശി ഇഷാനൊത്ത്‌ 75 റണ്ണിന്റെയും ശ്രേയസുമായി 50 റണ്ണിന്റെയും കൂട്ടുകെട്ടുണ്ടാക്കി. തിലക്‌ വർമ 11 റണ്ണുമായി പുറത്താകാതെനിന്നപ്പോൾ റിങ്കു സിങ് 25 റണ്ണടിച്ചു.


മറുപടിയിൽ സിംബാബ്‌വെ തളർന്നു. റിയാൻ ബേൾ(54) അർധസെഞ്ചുറിയുമായി പൊരുതിനോക്കി. ഇന്ത്യൻ ബ‍ൗളർമാരിൽ യുവ പേസർമാർ തിളങ്ങി. മായങ്ക്‌ യാദവ്‌ മൂന്ന്‌ വിക്കറ്റെടുത്തു. യാഷ്‌ താക്കൂറിന്‌ രണ്ട്‌ വിക്കറ്റുണ്ട്‌. അശോക്‌ ശർമയും രവി ബിഷ്‌ണോയിയും ഓരോന്ന്‌ നേടി.

ആദ്യ കളി ഇന്ത്യ ഏഴ്‌ വിക്കറ്റിനും രണ്ടാമത്തേത്‌ 90 റണ്ണിനുമാണ്‌ ജയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home