print edition ആയുധക്ഷാമം തിരിച്ചടിയായി: പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക വിരാമം

വാഷിങ്‌ടൺ/ തെഹ്റാൻ: അഞ്ചുമാസം പിന്നിട്ട പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവ്. 13 ദിവസം തുടർച്ചയായി നടത്തിയ വ്യോമാക്രമണങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തി. ഇതോടെ പ്രത്യാക്രമണവും അവസാനിപ്പിച്ചതായി ഇറാനും പ്രഖ്യാപിച്ചു. മേഖലയിൽ താൽക്കാലിക ശാന്തത കൈവന്നെങ്കിലും നയതന്ത്ര ചർച്ചകളുടെ പുരോഗതിയാകും ഭാവി തീരുമാനിക്കുക.
കടുത്ത ആയുധക്ഷാമമാണ് അമേരിക്കയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്ഥിതിഗതികൾ ധരിപ്പിച്ചിരുന്നു.
ഏപ്രിൽ അവസാനത്തോടെ അമേരിക്കയുടെ 1,200-ലധികം പേട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ചു. ജോർദാനിലെ യുഎസ് താവളത്തിൽ ഇറാന്റെ മിസൈൽ പതിച്ച് മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതോടെ യുഎസ് പ്രതിരോധവും പാളി. എന്നാൽ യുഎസ് വീണ്ടും ആക്രമണത്തിന് മുതിർന്നാൽ പ്രത്യാക്രമണം പശ്ചിമേഷ്യയിലാകെ വ്യാപിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ മുഹമ്മദ് അക്രമീനിയ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഒമാൻ, പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നു.
കാസ്‌പിയൻ കടലിൽ വാണിജ്യ കപ്പലിന് നേരെ ഉക്രയ്‌ൻ നടത്തിയ ആക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടതായി ഇറാൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്‌ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വൈറ്റ്ഹൗസിൽ ട്രംപുമായി കൂടിക്കാഴ്‌ച ന ടത്തും.അതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ അധികൃതർ അറിയിച്ചു. ഇറാൻ നാവികസേന നിക്ഷേപിച്ച മൈനുകളിലൊന്ന് പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ഇറാൻ അംഗീകരിക്കാത്ത ബദൽ സഞ്ചാരപാതയിലൂടെ പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്.









0 comments