ശൂലാപ്പുകാവ് ഒരുങ്ങും പൈതൃക സംരക്ഷണ ഉദ്യാനമായി

ചീമേനി പ്രകൃതിയോടിണങ്ങി, പൈതൃക സംരക്ഷണ ഉദ്യാനമാകാൻ ശൂലാപ്പുകാവ്. സസ്യ–ജന്തു ജീവജാലങ്ങളുടെ അപൂർവശേഖരമുള്ള കാവിനെ ജൈവവൈവിധ്യ ഉദ്യാനമാക്കാനും സംരക്ഷിക്കാനുമാണ് പദ്ധതി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, കയ്യൂർ –ചീമേനി, പിലിക്കോട് പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിലാണ് സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. ശൂലാപ്പ് കാവിലെ അപൂർവ വൈവിധ്യങ്ങളെക്കുറിച്ചുള്ള വിശദമായ പഠനവും ഇതിന്റെ ഭാഗമായി നടക്കും. സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ വിദഗ്‌ധർ ഇതിന് നേതൃത്വംനൽകും. ദേശീയ ശ്രദ്ധയാകർഷിക്കുംവിധം മാതൃകാ ഉദ്യാനമായി സംരക്ഷിച്ച് നിലനിർത്തും. കാവിന്റെ സ്വാഭാവിക തനിമ പൂർണമായും നിലനിർത്തുന്നതോടൊപ്പം ആചാരാനുഷ്‌ഠാനങ്ങളെയും മാനിച്ചാണ് പ്രവൃത്തി നടപ്പാക്കുക. ഗവേഷകരുടെയും പ്രകൃതിസ്നേഹികളുടെയും ചിരകാല സ്വപ്നമാണ് സഫലമാകുന്നത്. പഠന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കാവ് സംരക്ഷണ സമിതി പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും യോഗം ശൂലാപ്പ് കാവ് പരിസരത്ത് ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എം പി വി ജാനകി മുഖാതിഥിയായി. ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ രാജു, ഹരിതകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ബാലകൃഷ്ണൻ, പക്ഷി നിരീക്ഷകൻ ശ്യാംകുമാർ പുറവങ്കര, അസി. പ്രൊഫസർ ഡോ. മുഹമ്മദ് ഹനീഫ്, വിജയൻ, ടി ടി ഗോപാലകൃഷ്ണൻ, എ എം ബാലകൃഷ്ണൻ, വി എം അഖില, പി കെ മുകുന്ദൻ, എം വിനയൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ബാലചന്ദ്രൻ സ്വാഗതവും സി വി രവീന്ദ്രൻ നന്ദിയും പറഞ്ഞു. ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ശൂലാപ്പ്‌കാവ് സന്ദർശിച്ചു.








0 comments