ad
Deshabhimani

ത്രസിപ്പിച്ച്, വിസ്‌മയക്കാഴ്‌ചകളൊരുക്കി ജംബോ സർക്കസ്

കാസർകോട്‌ നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ആരംഭിച്ച 
ജംബോ സർക്കസിൽ കലാകാരന്മാരുടെ പ്രകടനം ​
വെബ് ഡെസ്ക്

Published on Jul 27, 2026, 03:00 AM | 1 min read

കാസർകോട്‌ മഴയുടെ തണുപ്പിലും വ്യത്യസ്‌തവും പുതുമയുള്ളതുമായ ഇനങ്ങളുമായി കാണികളെ ത്രസിപ്പിച്ച്‌ ജംബോ സർക്കസ്. കാസർകോട്‌ നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ആരംഭിച്ച സർക്കസ്‌ 22 ദിവസം പിന്നിട്ടു. ആഗസ്‌ത്‌ മൂന്നിന്‌ വൈകിട്ട്‌ ഏഴിന്‌ അവസാന പ്രദർശത്തോടെ ജംബോ സർക്കസ്‌ കാസർകോട് വിടും. പത്ത്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം കാസർകോട്ട്‌ വിരുന്നെത്തിയ ജംബോ സർക്കസ് കുട്ടികളും മുതിർന്നവരും ഒരുപോലെയാണ്‌ ആസ്വദിക്കുന്നത്‌. സർക്കസിന്റെ സീസൺ കാലം അല്ലാതിരുന്നിട്ടും ആഫ്രിക്കൻ കലാകാരന്മാരുടെത്‌ ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനം കാണാൻ തിരക്കേറുന്നുണ്ട്‌. ഫ്ലയിങ്‌ ട്രപ്പീസ്‌, ബോൺലെസ്‌, മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിങ്‌, അക്രോബാറ്റിക് ചെയർ ബാലൻസിങ്‌ തുടങ്ങി 30 ഓളം ഇനങ്ങൾ പ്രദർശനത്തിലുണ്ട്‌. വന്യമൃഗങ്ങളെ സർക്കസ്സിൽ പ്രദർശിപ്പിക്കുന്നത് 2014 ൽ നിരോധിച്ച ശേഷം ഇവയുടെ റോബോട്ടിക് രൂപങ്ങളാണുള്ളത്‌. സിംഹം, ജിറാഫ്-, ഹിപ്പൊപ്പൊട്ടാമസ്-, സീബ്ര, പുലി, മാൻ തുടങ്ങിയവയുടെ റോബോട്ടിക്- രൂപങ്ങൾ ആകർഷകം. നിലനിൽപ്പിനായുള്ള പോരാട്ടത്തിനിടയിലും കാണികൾക്ക്‌ കാണാകാഴ്‌ചകളുടെ വിരുന്നൊരുക്കുന്നുണ്ട്‌ കലാകാരന്മാർ. എത്യോപ്യ, ടാൻസാനിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നും മണിപ്പൂർ, ബംഗാൾ, അസം സംസ്ഥാനങ്ങളിൽനിന്നുമുള്ള കലാകാരന്മാരാണ്‌ കാണികൾക്ക്‌ വിസ്‌മയം പകരുന്നത്‌. 42 കലാകാരന്മാരിൽ 18 പേർ സ്‌ത്രീകളാണ്‌. രണ്ടു മണിക്കൂറാണ്‌ ഷോ. പകൽ ഒന്ന്‌, വൈകിട്ട് നാല്‌, രാത്രി ഏഴ്‌ എന്നിങ്ങനെ പ്രദർശന സമയം. 150, 250, 350 എന്നിങ്ങനെയാണ്‌ ടിക്കറ്റ് നിരക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home