ഇഴഞ്ഞിഴഞ്ഞ് നടപ്പാല നിര്‍മാണം വലഞ്ഞ് യാത്രക്കാർ

കാഞ്ഞങ്ങാട് ദേശീയപാതയില്‍ തോയമ്മലിൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ നടപ്പാല നിർമാണം ഇഴയുന്നു. 2024 ഒക്ടോബറിലാണ് നടപ്പാല നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ കരാര്‍ കന്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സ് കിഴക്കുഭാഗത്തെ സര്‍വീസ് റോഡില്‍ ഇറക്കിവച്ചത്. തുടര്‍ന്ന് പണി ആരംഭിച്ചെങ്കിലും ഇടയ്ക്ക് മാസങ്ങളോളം നിര്‍ത്തിവച്ചു. ഇപ്പോൾ ഒന്നര വര്‍ഷത്തിലേറെയായി പണി ഇഴഞ്ഞുനീങ്ങുന്നു. നിര്‍മാണ സാമഗ്രികള്‍ മഴയും വെയിലുമേറ്റ് തുരുന്പെടുക്കുകയാണ്. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കുഴികളുടെ നിർമാണം പോലും പൂർത്തിയായിട്ടില്ല. സർവീസ് റോഡിന് കിഴക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തും കുഴികൾ നിർമിച്ചു തുടങ്ങിയെങ്കിലും ഇടയ്ക്ക് പണി നിർത്തിവയ്‌ക്കുന്നതിനാൽ പുരോഗതയുണ്ടാവുന്നില്ല. രണ്ടുഭാഗത്തും തൂണുകൾക്കായി ഇരുമ്പ് കമ്പികൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. കുഴികള്‍ക്കരികിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും അപകട സാധ്യതയുള്ളതാണ്. ലിഫ്റ്റോട് കൂടിയ നടപ്പാലമാണ് നിര്‍മിക്കുന്നത്. ഒരു ദിവസം പണിയെടുത്താൽ പിന്നെ ഒരാഴ്ച കഴിഞ്ഞാണ് ജോലിക്കാർ വരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ചിലപ്പോള്‍ ആഴ്ചകളോളം പണിയെടുക്കില്ല. കനത്ത മഴ വരുമ്പോൾ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡിലേക്കൊഴുകുന്നു. ഈ ഭാഗത്ത് ഓവു ചാലും കൾവർട്ടും നിർമിച്ചത് അശാസ്ത്രീയമായാണ്. ഓവുചാൽ നിർമിച്ചെങ്കിലും ഇരുഭാഗത്തും റോഡിലൂടെ ഒഴുകി വരുന്ന മഴവെള്ളം ഓവുചാലിൽ പ്രവേശിക്കാൻ സൗകര്യമില്ല. ഇതു കാരണം വെള്ളം മാവുങ്കാൽ ഭാഗത്തേക്ക് വരെ കുത്തിയൊഴുകുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുന്നു. സർവീസ് റോഡുകളുടെ തകർച്ചക്കും ഇത് കാരണമാകുന്നു. ദേശീയപാതയുടെ കിഴക്ക് ഭാഗത്തു നിന്നും പടിഞ്ഞാറു വശത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് നടന്നു വരാൻ രോഗികൾ ഏറെ ബുദ്ധിമുട്ടുന്നു. തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നു പോകുന്നതിനാൽ നടക്കാൻ പ്രയാസമുള്ളവർ റോഡ് മറി കടക്കാൻ വിഷമിക്കുന്നു. വയോധികരും സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. പടിഞ്ഞാറുഭാഗത്ത് സര്‍വീസ് റോഡിലേക്ക് കയറുന്ന ഭാഗത്തെ ഉയരക്കൂടുതലും രോഗികള്‍ക്ക് പ്രശ്നമാകുന്നു. ബസിറങ്ങി ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ സര്‍വീസ് റോഡിലേക്ക് കാലെടുത്ത് വയ്‌ക്കുന്നതുതന്നെ ഉയരമുള്ള ഭാഗത്താണ്. ഇതിനിടയില്‍ കാലുതെന്നിയാല്‍ വാഹനത്തിനടിയിലേക്ക് തെറിച്ചുവീഴാനും സാധ്യതയുണ്ട്.








0 comments