ad
Deshabhimani

print edition പ്രക്ഷോഭച്ചൂടിൽ ഉരുകി മോദി–ഷാ അച്ചുതണ്ട്: ബിജെപിയിൽ പടയൊരുക്കം

modi amit sha bjp
വെബ് ഡെസ്ക്

Published on Jul 27, 2026, 02:07 AM | 1 min read

ന്യൂഡൽഹി: വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ ധർമേന്ദ്ര പ്രധാനെ രാജിവയ്‌പ്പിച്ച്‌ തൽക്കാലം തലയൂരിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരെ ബിജെപിയിലും ആർഎസ്എസിലും പടയൊരുക്കം. അധികാരഹുങ്കും ജനവികാരം തിരിച്ചറിയുന്നതിലെ ദയനീയ പരാജയവും പാർടിയിലെ എതിരാളികൾ ആയുധമാക്കുകയാണ്‌. ചോദ്യചോർച്ചയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഇരുവരുടെയും പരാജയം ബിജെപിയെ ഭരണ, സംഘടനാതലങ്ങളിൽ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.


പ്രക്ഷോഭത്തിന്റെ പ്രഹരശേഷി മനസ്സിലാക്കുന്നതിൽ മോദിയും ഷായും പരാജയപ്പെട്ടു. തുടക്കത്തിൽതന്നെ പ്രശ്‌നപരിഹാരത്തിന്‌ ഇടപെട്ടില്ല. ക്രൂരമായ അടിച്ചമർത്തൽ സമരത്തെ കൂടുതൽ ജനകീയമാക്കി. അവസാനനിമിഷത്തിലായി പ്രധാനമന്ത്രിയുടെ ഇടപെടൽ. അത് ദോഷമാകുകയുംചെയ്‌തു. സോനം വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചും ചോദ്യച്ചോർച്ച തടയൽ നിയമം കർശനമാക്കുമെന്ന പുകമറ സൃഷ്‌ടിച്ചും പ്രക്ഷോഭത്തെ ഒതുക്കാമെന്ന കുതന്ത്രവും തകർന്നു. വിദ്യാഭ്യാസമേഖലയിൽ ആർഎസ്‌എസ്‌ നയങ്ങൾ നടപ്പാക്കിയ പിന്നാക്കവിഭാഗം നേതാവായ പ്രധാനെ ബലിയാടാക്കി. മാന്യമായ യാത്രയയപ്പും നിഷേധിച്ചു തുടങ്ങിയ വിമർശങ്ങളാണ്‌ ഉയരുന്നത്‌. രാജ്‌നാഥ്‌ സിങ്‍, നിതിൻ ഗഡ്‌കരി, ശിവരാജ്‌ സിങ് ച‍ൗഹാൻ തുടങ്ങി മുതിർന്ന മന്ത്രിമാരും അതൃപ്തിയിലാണ്‌. വരുംദിവസങ്ങളിൽ പലരും പരസ്യപ്രതികരണത്തിലേക്ക്‌ കടന്നേക്കും.


തന്ത്രങ്ങളെല്ലാം പിഴച്ചതോടെ ഇരുവരുടെയും സർവാധിപത്യമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. നിർണായക വിഷയങ്ങളിൽ മുതിർന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണമെന്ന ആവശ്യവുമുയരുന്നു. ആദിത്യനാഥ്‌ കേന്ദ്രത്തിൽ വരണമെന്ന പ്രചാരണവും ശക്തം.

അതിനിടെ അയോധ്യ രാമക്ഷേത്രക്കൊള്ളയിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാൻ മോദിയും അമിത് ഷായും മെനഞ്ഞ തരംതാഴ്‌ന്ന തന്ത്രങ്ങളും ദയനീയമായി പൊളിഞ്ഞു. വിദ്യാർഥി പ്രക്ഷോഭം കുറച്ചുകാലം ബോധപൂർവം കത്തിച്ചുനിർത്തുക, അതുവഴി ക്ഷേത്രക്കൊള്ളയെക്കുറിച്ചുള്ള ചർച്ചകൾ ഇല്ലാതാക്കുക, പിന്നീട് സമരത്തെ അടിച്ചൊതുക്കുക എന്ന തന്ത്രം പാളിയതോടെ ഇരുവരും നാണംകെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home