ഉയരുന്നത് കൊലവിളി
കാട്ടാനഭീതിയിൽ നാട്

കാലടി പ്ലാന്റേഷൻ വഴിയിൽ കാട്ടാന നിലയുറപ്പിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Jul 27, 2026, 02:05 AM | 1 min read
കാലടി
തുടർച്ചയായ കാട്ടാന ആക്രമണങ്ങളുടെ ഭീതിയിലാണ് നാട്. അയ്യന്പുഴ, മലയാറ്റൂർ, കീരംപാറ, വേങ്ങൂർ, കൂവപ്പടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യത്തിൽ സമാധാനപരമായ ജീവിതം അസാധ്യമാകുന്നു. ഏതുനിമിഷവും ആക്രമണമുണ്ടാകുമെന്ന പേടിയിലാണ് പ്രദേശവാസികൾ. ജില്ലയിൽ ആദിവാസിയുവാവ് ഉൾപ്പെടെ കൊല്ലപ്പെട്ടു. പരിക്കേറ്റവർ അനവധി. എന്നിട്ടും ശക്തമായ പ്രതിരോധനടപടികൾ സ്വീകരിക്കാനോ സുരക്ഷ ഒരുക്കാനോ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല.
അയ്യമ്പുഴ പഞ്ചായത്തിലെ വിസ്തൃതമായ കാലടി പ്ലാന്റേഷൻ, പോട്ട, മലയാറ്റൂർ പഞ്ചായത്തിലെ കണ്ണിമംഗലം, പാണ്ടുപാറ, ഇല്ലിത്തോട് എന്നിവിടങ്ങളിൽ പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ രാവും പകലും കാട്ടാനകൾ തമ്പടിക്കുന്നു. രാത്രിയായാൽ വീടുകൾക്ക് സമീപവുമെത്തുന്നു. ആർക്കും ജോലിക്കും കുട്ടികൾക്ക് സ്‌കൂളിലും പോകാനാകുന്നില്ല. കാട്ടാനകളെ വനപാലകർ അതിരപ്പിള്ളി പഞ്ചായത്തിൽനിന്ന് അയ്യമ്പുഴയിലേക്ക് തുരത്തിയതും അവസ്ഥ വഷളാക്കി.
കീരംപാറ പഞ്ചായത്തിൽ ഒന്ന്, രണ്ട് വാർഡുകളിലാണ് കാട്ടാനശല്യം രൂക്ഷം. വേങ്ങൂരും കൂവപ്പടിയിലുമെല്ലാം സമാനമായ സ്ഥിതിയാണ്. പൊങ്ങിൻചുവട് ഉന്നതിയിയിലെ ആദിവാസിയുവാവ് പുഷ്‌പാകരൻ അടുത്തിടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. കാട്ടാനയുടെയും മറ്റുവന്യമൃഗങ്ങളുടെയും ആക്രമണത്തിൽ ഉപജീവനമാർഗവും ഇല്ലാതാകുകയാണ്. ഭൂരിഭാഗം ആളുകളും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. കാർഷിക വിളകളായ തെങ്ങ്, ജാതി, കവുങ്ങ്, കപ്പ, ചേന, ചേമ്പ്, വാഴ, വിവിധ ഇനം പച്ചക്കറികൾ എന്നിവയെല്ലാം നശിപ്പിക്കുകയാണ് മൃഗങ്ങൾ. ബാങ്കുകളിൽനിന്ന് വായ്‌പയെടുത്താണ് കൃഷിയിറക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് കർഷകർ. ഫലപ്രദമായ പ്രതിരോധം തീർക്കാൻ വനംവകുപ്പ് ഇടപെടുന്നില്ല.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം നൽകുന്നതിൽപ്പോലും വീഴ്‌ചവരുത്തുന്ന മനുഷ്യത്വരഹിതമായ സമീപനമാണ് യുഡിഎഫ് സർക്കാരിന്റേത്. ജീവനും സ്വത്തും ഉപജീവനമാർഗവും സംരക്ഷിക്കണമെന്ന് നിരന്തരം അപേക്ഷിച്ചിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല.









0 comments