ad
Deshabhimani

നടത്തിപ്പിൽ വലഞ്ഞ്‌ പ്രധാനാധ്യാപകർ സ്‌കൂൾ ഉച്ചഭക്ഷണ 
പദ്ധതിയും മുടക്കുമോ..

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2026, 03:00 AM | 2 min read

കാസർകോട്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മാതൃകാ രീതിയിൽ നടന്നിരുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്‌ പ്രതിസന്ധിയാക്കിയതോടെ വലയുന്നത്‌ പ്രധാനാധ്യാപകർ. പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്‌ ഇവർ. അടിക്കടിയുള്ള പാചകവാതക വിലവര്‍ധന, പലചരക്ക് –പച്ചക്കറി വിലവര്‍ധന എന്നിവയും അധിക പോഷകാഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന പാല്‍, മുട്ട എന്നിവയുടെ വില വര്‍ധനയും കാരണം സർക്കാർ നൽകുന്ന തുക ഉപയോഗിച്ച് ഭക്ഷണം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്‌. ഒന്നു മുതൽ നാല്‌ വരെ ക്ലാസുകളിൽ ഒരു കുട്ടിക്ക്‌ 6.78 രൂപയും അഞ്ച്‌ മുതൽ എട്ട്‌ വരെ ക്ലാസ്സുകളിൽ ഒരു കുട്ടിക്ക്‌ 10.18 രൂപയുമാണ്‌ നൽകുന്നത്‌. ഇ‍ൗ തുക പ്രകാരം പദ്ധതി നടത്തിക്കൊണ്ടുപോവാൻ സാധിക്കില്ലെന്ന്‌ പ്രധാനാധ്യാപകർ പറയുന്നു. അധിക പോഷകാഹാര പദ്ധതിയില്‍ ആഴ്‌ചയിൽ രണ്ട്‌ ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. ജില്ലയിൽ രണ്ട്‌ നൂൺ മീൽ ഓഫീസർമാരുടെ ഒഴിവ്‌ നികത്താത്തതും പദ്ധതിയെ ബാധിക്കുന്നു. 102 സ്‌കൂളുകളുള്ള കാസർകോട്‌ ഉപജില്ലയിൽ നൂൺ മീൽ ഓഫീസറില്ലാത്തത്‌ കാരണം വലിയ പ്രയാസമാണ്‌ അനുഭവിക്കുന്നത്‌. ​ഇതിനിടയിലും പ്രധാനാധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പ്രയാസപ്പെടുന്പോൾ ചെലവഴിച്ച തുകയുടെ ബില്ലുകൾ മാറിയെടുക്കാൻ ഇനി ട്രഷറിയിലും കയറിയിറങ്ങേണ്ട അവസ്ഥയാണ്‌. മുമ്പ്‌ എഇഒ ഓഫീസിൽനിന്ന്‌ നൂൺ മീൽ ഓഫീസർ ബിൽ പാസാക്കി ബാങ്കിൽനിന്ന്‌ തുക മാറിയെടുക്കാം. എന്നാൽ ഇപ്പോൾ നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്‌റ്റേറ്റ്‌മെന്റും ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം. ഇതിനൊപ്പം മാസം മുഴുവൻ വ‍ൗച്ചറുകളും നൽകണം. ജിഎസ്‌ടി രജിസ്‌ട്രേഷൻ നന്പർ രേഖപ്പെടുത്തിയ ബില്ലുകളും നിർബന്ധമാണ്‌. ഓരോ മാസത്തെയും ബില്ലുകൾ പാസാക്കിയെടുക്കാൻ രണ്ടും മൂന്നും തവണ ട്രഷറി കയറിയിറങ്ങേണ്ട അവസ്ഥ. എൽപി, യുപി വിദ്യാലയങ്ങളിൽ ക്ലാസ്‌ ചുമതല ഉൾപ്പെടെയുള്ള പ്രധാനാധ്യാപകരാണ്‌ വലയുന്നത്‌. ബില്ലുകൾ ട്രഷറിയിൽനിന്ന്‌ പരിശോധിച്ച്‌ തുക ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്കാണ് കൈമാറുക. പ്രധാനാധ്യാപകർക്ക്‌ ലഭിക്കേണ്ട തുക വീണ്ടും വൈകിപ്പിക്കാനാണ്‌ ഇ‍ൗ നടപടി ഇടയാക്കുക. ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാർ വിഹിതവും 40 ശതമാനം സംസ്ഥാന സര്‍ക്കാർ വിഹിതവുമാണ്‌. അധിക പോഷകാഹാര പദ്ധതിയുടെ തുക സംസ്ഥാന സര്‍ക്കാരാണ് അനുവദിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home