ad
Deshabhimani

കച്ചേരിക്കടവ് പാലം: കാത്തിരിപ്പ് നീളുമോ ?

നിർമാണം നിലച്ച കച്ചേരിക്കടവ് പാലം
വെബ് ഡെസ്ക്

Published on Sep 18, 2026, 03:00 AM | 1 min read

നീലേശ്വരം ദ്രുതഗതിയിൽ നടന്നിരുന്ന നീലേശ്വരം കച്ചേരിക്കടവ് പാലത്തിന്റെ നിർമാണം നിലച്ചിരിക്കുകയാണ്. എൽഡിഎഫ്‌ സർക്കാർ നീലേശ്വരത്തിന് അനുവദിച്ച പദ്ധതികൾ പലതും പുതിയ സർക്കാർ വൈകിപ്പിക്കുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. 2024ൽ ആരംഭിച്ച കച്ചേരിക്കടവ് പാലം നിർമാണം അതിവേഗത്തിലാണ് പുരോഗമിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മന്ദഗതിയിലായ നിർമാണ പ്രവൃത്തികൾ നിലച്ച മട്ടാണ്. നീലേശ്വരത്തിന്റെ സ്വപ്നപദ്ധതി യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കിഫ്ബിയിൽനിന്ന് അനുവദിച്ച 22 കോടിയിൽ പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ വീണ്ടും ഫണ്ട് അനുവദിക്കാൻ പൊതുമരാമത്ത് വകുപ്പിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും യുഡിഎഫ് സർക്കാർ കിഫ്ബിക്ക്‌ അധികതുക ഇരുവരെ അനുവദിച്ചിട്ടില്ല. നീലേശ്വരം ദേശീയപാതയും നീലേശ്വരം രാജാ റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കച്ചേരിക്കടവ് പാലം. പാലത്തിന്റെ ഇരുകരകളിൽനിന്ന് വ്യത്യസ്തമായി മധ്യഭാഗം 55.5 മീറ്റർ ബോസ്ട്രിങ് സ്പാൻ മോഡലിലാണ് പാലം നിർമാണം. ഉൾനാടൻ ജലഗതാഗത പാതയിലാണ് പാലം. മധ്യഭാഗം യാനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന വിധത്തിൽ ഉയരത്തിൽ ആർച്ച് മാതൃകയിലുള്ള ജില്ലയിലെ ആദ്യത്തെ പാലമാണിത്. 180 മീറ്റർ നീളമാണ് പാലത്തിനുള്ളത്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് 180 മീറ്ററിലും പാലത്തിന്റെ കിഴക്കുഭാഗത്തേക്ക് 180 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയാകാനുണ്ട്. പാലം നിർമാണം പൂർത്തിയായാൽ മാർക്കറ്റ് ഹൈവേ ചുറ്റാതെ വാഹനങ്ങൾക്ക് കച്ചേരിക്കടവ് പാലം വഴി എളുപ്പത്തിൽ നീലേശ്വരം നഗരത്തിൽ എത്താൻ പറ്റും. നീലേശ്വരം നഗരസഭ ഓഫിസിന് മുന്നിലാണ് പാലം സ്ഥിതി ചെയ്യുന്നത്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പാലം യുഡിഎഫ് സർക്കാർ പൂർത്തിയാക്കണമെങ്കിൽ റീഫണ്ട് അനുവദിച്ചാൽ മാത്രമേ നടക്കൂ. അപേക്ഷിച്ച റീ ഫണ്ട് അനുവദിച്ചാൽ മാത്രമേ പാലത്തിന്റെ നിർമാണം പൂർത്തിയാകൂ. മുൻ എംഎൽഎ എം രാജഗോപാലന്റെ ശ്രമഫലമായിട്ടായിരുന്നു കച്ചേരിക്കടവ് പാലം അനുവദിച്ചതും നിർമാണം ആരംഭിച്ചതും. പദ്ധതി പൂർത്തിയാക്കുന്നതിൽ നിലവിലെ എംഎൽഎ സർക്കാറിൽ ഒരു സമ്മർദവും ചെലുത്താത്തതാണ് നിർമാണം നിലക്കാൻ കാരണമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home