ഒരാളുടെ നില അതീവഗുരുതരം
കാറിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികർക്ക് ക്രൂരമർദനം

മൂന്ന് യുവാക്കളെ കാർ യാത്രികർ ക്രൂരമായി മർദിച്ച എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽ തൃക്കാക്കര സ്‌റ്റേഷൻ എസ്‌എച്ച്‌ഒ പി എം വിമോദിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവും തെളിവു ശേഖരിക്കുന്നു
കാക്കനാട്
എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽ കാറിന് വഴി നൽകിയില്ലെന്ന തർക്കത്തെ തുടർന്ന് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കൾക്ക് ക്രൂരമർദനം. വാഴക്കാല സ്വദേശികളായ പ്രവീൺ, നിസാം, പടമുകൾ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീണിന്റെ നില അതീവഗുരുതരമാണ്. കാറിലുണ്ടായിരുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ഞായർ പുലർച്ചെ രണ്ടോടെ എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിലെ റൗണ്ട് എബൗട്ടിന് സമീപമാണ് സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നിലെ കാറിന് വഴി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറിലുണ്ടായിരുന്ന മൂന്നുപേർ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ഇടിവളകൊണ്ടുള്ള ഇടിയിൽ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകർന്നു. മുൻവരിയിലെ നാല് പല്ലുകൾ ഇളകിപ്പോയി. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരിക്കേറ്റു. റോഡിൽ വീണുകിടന്ന പ്രവീണിന്റെ തലയ്ക്ക് പ്രതികൾ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുണ്ട്. പ്രവീൺ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലും ഷാഫിയും നിസാമും എറണവകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
പുലർച്ചെതന്നെ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. അക്രമത്തിനുശേഷവും പ്രതികൾ കുറേസമയം എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തുതന്നെയുണ്ടായിട്ടും പിടികൂടാൻ കഴിഞ്ഞില്ല. പ്രതികൾ സഞ്ചരിച്ച ചുവന്ന കാർ ആലപ്പുഴ സ്വദേശിയുടേതാണെന്ന് കണ്ടെത്തി.
പ്രതികൾ ഗുണ്ടാസംഘങ്ങളിൽപ്പെട്ടവരാണെന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
സിപിഐ എം ഫോറസ്‌റ്റ് ഓഫീസ് മാർച്ച് നാളെ
കാലടി
സിപിഐ എം അയ്യന്പുഴ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്‌ച അയ്യന്പുഴ ഫോറസ്‌റ്റ് ഓഫീസ് മാർച്ച് നടത്തും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, അതിരപ്പിള്ളി പഞ്ചായത്തിൽനിന്ന് കാട്ടാനകളെ അയ്യന്പുഴയിലേക്ക് തുരത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.










0 comments