അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ കൗൺസിൽ സമാപിച്ചു
print edition ഭൂമിക്കും പാർപ്പിടത്തിനും രാജ്യവ്യാപക പ്രക്ഷോഭം

ആലപ്പുഴ: ഭൂമി, കൂലി, പാർപ്പിടം, തൊഴിലവകാശം തുടങ്ങിയവ ഉയർത്തി രാജ്യവ്യാപക പ്രക്ഷോഭം ശക്തമാക്കാൻ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ (എഐഎഡബ്ല്യുയു) ജനറൽ കൗൺസിൽ തീരുമാനിച്ചു. സാമൂഹിക വിവേചനത്തിനും ദളിത്–ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കും എതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും. തൊഴിലവകാശത്തിനായുള്ള പോരാട്ടം ശക്തമാക്കാനും ആലപ്പുഴയിൽ രണ്ട് ദിവസമായി നടന്ന ജനറൽ കൗൺസിൽ തീരുമാനിച്ചു.
യൂണിയൻ പ്രവർത്തനം ഗ്രാമീണ തൊഴിലാളികളിലേക്ക് വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുകയും പദ്ധതിയിൽ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുംവരെ സമരം തുടരും. അഖിലേന്ത്യാ സമ്മേളനം 2027 ഫെബ്രുവരിയിൽ കർണാടകത്തിൽ ചേരും.
ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ 10ന് രാജ്യവ്യാപകമായി ജയിൽ നിറയ്‍ക്കൽ സമരം നടത്തും. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ നിലപാടും ഉയർത്തും. ജനറൽ സെക്രട്ടറി ബി വെങ്കട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയും നടന്നു. റിപ്പോർട്ടും ഭാവി പ്രവർത്തന പരിപാടികളും അംഗീകരിച്ചാണ് കൗൺസിൽ യോഗം സമാപിച്ചത്.









0 comments