പകർച്ചവ്യാധി
ജീവനെടുക്കും അനാസ്ഥ; 25 ദിവസത്തിൽ 15 മരണം


സ്വന്തം ലേഖകൻ
Published on Jul 27, 2026, 02:15 AM | 1 min read
കൊച്ചി
ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അനാസ്ഥയിൽ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു. പതിനഞ്ചുപേരാണ് 25 ദിവസത്തിനുള്ളില്‍ വിവിധ പകര്‍ച്ചവ്യാധികള്‍മൂലം മരിച്ചത്. ഒന്പതുപേരുടെ മരണകാരണം എലിപ്പനിയാണ്. മൂന്നുപേര്‍ എച്ച്-1എൻ1 കൊണ്ടും മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുകാരന്‍മുതല്‍ 18 വയസ്സുള്ള അതിഥിത്തൊഴിലാളിവരെ ഉള്‍പ്പെടുന്നു.
ഈമാസം പനി ബാധിച്ചവരുടെ എണ്ണം 20,960 കടന്നു. ചില ദിവസങ്ങളില്‍ പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം ആയിരം കവിഞ്ഞു. 458 പേരാണ് 25 ദിവസത്തിനിടെ ഡെങ്കിബാധിതരായത്. 1003 പേര്‍ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തി. 4,340 പേര്‍ക്ക് വയറിളക്കരോഗങ്ങള്‍ ബാധിച്ചു. കതൃക്കടവ് അല്‍ റീം മന്തിക്കടയില്‍ ഭക്ഷ്യവിഷബാധയേറ്റ മൂന്നുപേര്‍ക്ക് ഷിഗല്ല ബാധിച്ചിരുന്നു. ഇവരുള്‍പ്പെടെ അഞ്ചുപേര്‍ രോഗബാധിതരായി. 936 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും ബാധിച്ചു.









0 comments