ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് നാളെ തുടക്കം; കളിക്കാൻ ഇന്ത്യയില്ല

ഐച്ചി നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ പോരാട്ടങ്ങൾക്ക് സെപ്തംബർ 14ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ 15 ടീമുകളും വനിതാ വിഭാഗത്തിൽ 12 ടീമുകളുമാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഇന്ത്യയുടെ അഭാവം ടൂർണമെന്റിൽ ശ്രദ്ധേയമാണ്.
ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന മത്സരങ്ങൾക്ക് ഇരു ടീമുകളും യോഗ്യത നേടിയിരുന്നെങ്കിലും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടീം ഇനങ്ങളിലെ യോഗ്യതാ മാനദണ്ഡം പാലിക്കാത്തതിനെ തുടർന്നാണ് ടീമുകളെ ഒഴിവാക്കിയത്.
ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടിനുള്ളിലുള്ള ദേശീയ ടീമുകൾക്ക് മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ നിലവിൽ കേന്ദ്ര സർക്കാർ അനുമതി കൊടുത്തിട്ടുള്ളത്. ഇന്ത്യൻ പുരുഷ ടീം ഏഷ്യയിൽ 26-ാം സ്ഥാനത്തും വനിതാ ടീം 13-ാം സ്ഥാനത്തുമാണ്.
വനിതാ ഫുട്ബോൾ മത്സരങ്ങൾക്ക് സെപ്തംബർ 14ന് ഉച്ചയ്ക്ക് 12.30 ന് ചൈന–വിയറ്റ്നാം മത്സരത്തോടെ തുടക്കമാകും. പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് സെപ്തംബർ 15 ന് ഉസ്ബെക്കിസ്ഥാൻ–ഫിലിപ്പീൻസ് പോരാട്ടത്തോടെ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം.
2023 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷ ഫുട്ബോളിൽ ദക്ഷിണ കൊറിയ സ്വർണം നേടിയപ്പോൾ വനിതാ വിഭാഗത്തിൽ ജപ്പാനായിരുന്നു ചാമ്പ്യന്മാർ. ഇത്തവണ സ്വന്തം മണ്ണിൽ കിരീടം നിലനിർത്താനാണ് ജപ്പാന്റെ ശ്രമം.
ഇന്ത്യയുടെ അസാന്നിധ്യം
2023 ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിന് മുന്നോടിയായും സമാന മാനദണ്ഡം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നെങ്കിലും അവസാന നിമിഷം സർക്കാർ ഇളവ് അനുവദിച്ചിരുന്നു. ഇത്തവണ അത്തരമൊരു ഇളവ് ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസിൽ മികച്ച ചരിത്രമുണ്ട്. 1951ലും 1962 ലും പുരുഷ ടീം സ്വർണം നേടിയിട്ടുണ്ട്. 1970ൽ വെങ്കലവും സ്വന്തമാക്കി. എന്നാൽ സമീപകാലത്ത് ഏഷ്യൻ ഗെയിംസിലെ പ്രകടനം പിന്നോട്ടുപോയി. വനിതാ ടീം 1998ൽ എട്ടാം സ്ഥാനവും 2014 ൽ ഒമ്പതാം സ്ഥാനവും 2023 ൽ 13-ാം സ്ഥാനവുമാണ് നേടിയത്.
ഇന്ത്യയിൽ ഫുട്‍ബോളിന്റെ വളർച്ചയ്ക്ക് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും വേണ്ട പിന്തുണയോ ആവശ്യമായ ഫണ്ടോ നൽകുന്നില്ലായെന്ന കാരണങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ പുറകോട്ടടിക്കുന്നു.
ഏഷ്യയിൽ കഴിവ് തെളിച്ച് മികവ് തെളിയിക്കാത്ത ഒരു ടീമിന് ഒരിക്കലും വലിയ ടൂർണമെന്റുകളായ ലോകകപ്പ് ഉൾപ്പടെയുള്ള വേദികളിലേക്ക് എത്തിപ്പെടുക അസാധ്യവുമാണ്.
പുരുഷ ഗ്രൂപ്പുകൾ
പുരുഷ വിഭാഗത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇറാൻ, സൗദി അറേബ്യ തുടങ്ങിയ ടീമുകൾ ശ്രദ്ധേയ സാന്നിധ്യമാണ്. നാല് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ 23 വരെ നടക്കും. ക്വാർട്ടർ ഫൈനൽ സെപ്തംബർ 25, 26 തീയതികളിലും സെമിഫൈനൽ സെപ്തംബർ 30നും നടക്കും. പുരുഷ ഫൈനൽ ഒക്ടോബർ 3നാണ്.
ഗ്രൂപ്പ് എ: ജപ്പാൻ, തായ്‌ലൻഡ്, കിർഗിസ്ഥാൻ, ഹോങ്കോങ്
ഗ്രൂപ്പ് ബി: ചൈന, ഇറാൻ, യുഎഇ, ഉത്തര കൊറിയ
ഗ്രൂപ്പ് സി: വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ, ഫിലിപ്പീൻസ്, കുവൈത്ത്
ഗ്രൂപ്പ് ഡി: ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഖത്തർ
വനിതാ ഗ്രൂപ്പുകൾ
വനിതാ വിഭാഗത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഉത്തര കൊറിയ തുടങ്ങിയ ടീമുകളാണ് പ്രധാന കിരീട പ്രതീക്ഷകൾ. മൂന്ന് ഗ്രൂപ്പുകളിലായാണ് വനിതാ ടീമുകൾ മത്സരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ സെപ്തംബർ 14 മുതൽ 21 വരെ നടക്കും. ക്വാർട്ടർ ഫൈനൽ സെപ്തംബർ 25 നും സെമിഫൈനൽ സെപ്തംബർ 29നും നടക്കും. വനിതാ ഫൈനൽ ഒക്ടോബർ 2നാണ്.
ഗ്രൂപ്പ് ഇ: ജപ്പാൻ, ചൈനീസ് തായ്‌പേയ്, വിയറ്റ്നാം, തായ്‌ലൻഡ്
ഗ്രൂപ്പ് എഫ്: ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ബംഗ്ലാദേശ്, മ്യാൻമർ
ഗ്രൂപ്പ് ജി: ചൈന, ഫിലിപ്പീൻസ്, ഉസ്ബെക്കിസ്ഥാൻ, ഹോങ്കോങ്
പുരുഷ വിഭാഗത്തിലെ സ്വർണ മെഡൽ പോരാട്ടം ഒക്ടോബർ 3 ന് ഇന്ത്യൻ സമയം വൈകിട്ട് 4 നും വനിതാ ഫൈനൽ ഒക്ടോബർ 2 ന് വൈകിട്ട് 4 നുമാണ്.
ഇന്ത്യയിൽ മത്സരങ്ങളുടെ തത്സമയ ഡിജിറ്റൽ സംപ്രേഷണം സോണി ലീവ് ആപ്പിലൂടെയും സോണി സ്പോർട്സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയും സംപ്രേഷണം ചെയ്യും. കൂടാതെ, ഡിഡി സ്പോർട്സ് വഴി മത്സരങ്ങൾ കാണാനുള്ള സൗകര്യവും ലഭ്യമാകും.










0 comments