ad
Deshabhimani

ഹോർമുസ് പ്രതിസന്ധി; ബദൽപാത സജീവമാക്കി യുഎഇ

hormuz
വെബ് ഡെസ്ക്

Published on Sep 13, 2026, 03:30 PM | 2 min read

ദുബായ് : ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ ഗതാഗത പ്രതിസന്ധി മറികടക്കാൻ യുഎഇ ബദൽ ഗതാഗത ഇടനാഴികൾ സജീവമാക്കിയതായി വിദേശ വ്യാപാരമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി. ഇതിനായി കിഴക്കൻ തീരത്തെ തുറമുഖങ്ങളുടെ വികസനം വേഗത്തിലാക്കിയതായും ​ഹിലി ഫോറത്തിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.


മേഖല നേരിടുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളി ഇ‍ൗ വർഷത്തോടെ കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്ക് മാറി. ഇത് ആഗോള വിതരണ ശൃംഖലകളെ ബാധിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതിന്‌ പിന്നാലെ രാജ്യത്തേക്കും പുറത്തേക്കുമുള്ള നിർണായക വ്യാപാരപാതകൾ നിലനിർത്താനുള്ള നടപടികൾ യുഎഇ സ്വീകരിച്ചു. അറേബ്യൻ ഉൾക്കടലിനെ ചെങ്കടലുമായും ഒമാൻ ഉൾക്കടലുമായും ബന്ധിപ്പിക്കുന്ന പ്രാദേശിക ഇടനാഴികൾ സജീവമാക്കി. യുഎഇയിലേക്കുള്ള ചരക്കുകൾ ഒമാനിലെ സൊഹാർ, ദുഃഖം തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്യാനായി നടപടികൾ സ്വീകരിച്ചു. റോഡ്, റെയിൽ, ചരക്ക് ഗതാഗത സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തി കരമാർഗം ചരക്കുനീക്കം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.


ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ തുടങ്ങിയ കിഴക്കൻ തീരത്തെ തുറമുഖങ്ങളുടെ വികസനം വേഗത്തിലാക്കി. രാജ്യത്തിന്റെ ഊർജ വിഭവങ്ങളെ ആഗോള വിപണികളുമായി ബന്ധിപ്പിക്കാനായി പുതിയ പൈപ്പ്‌ലൈൻ സംവിധാനങ്ങളും പ്രവർത്തനക്ഷമമാക്കുന്നുണ്ട്. ഗതാഗതകേന്ദ്രത്തിനൊന്നും രാജ്യത്തിന്റെ സാമ്പത്തിക നിലനിൽപ്പിനെ ഭീഷണിപ്പെടുത്താൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. വെല്ലുവിളികൾക്കിടയിലും യുഎഇയുടെ വ്യാപാര മേഖല ശക്തമായ വളർച്ച തുടരുന്നുണ്ട്‌. 2026ന്റെ ആദ്യപകുതിയിൽ രാജ്യത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം 1.94 ലക്ഷംകോടി ദിർഹത്തിലെത്തി. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 13.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.


2022ലെ ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 80 ശതമാനം വർധനയാണിത്. എണ്ണയിതര കയറ്റുമതിയും റെക്കോഡ് ഉയരത്തിലെത്തി. ആദ്യപകുതിയിൽ 45,300 കോടി ദിർഹത്തിന്റെ എണ്ണയിതര കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പദ്ധതിയുടെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലെ പ്രധാന പങ്കാളികളുമായി 38 കരാർ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.


ജലപാതകളിൽ നിയന്ത്രണങ്ങളോ ടോളുകളോ ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ഗൾഫ് രാജ്യങ്ങൾക്ക് മാത്രമല്ല എല്ലാ രാജ്യങ്ങൾക്കും ഇത് പ്രധാന വിഷയമാണ്‌. കഴിഞ്ഞ ആറുമാസത്തെ സംഭവവികാസങ്ങൾ സർക്കാരുകളെയും വ്യവസായങ്ങളെയും വലിയ രീതിയിൽ പരീക്ഷിച്ചു. എങ്കിലും പ്രതിസന്ധിയെ സാമ്പത്തിക അവസരമാക്കി മാറ്റാൻ യുഎഇയ്‌ക്ക് കഴിഞ്ഞതായും അൽ സെയൂദി പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home