ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ഒത്തുകളിക്കുന്നു; എം വി ഗോവിന്ദൻ

എംവി ഗോവിന്ദൻ| ഫോട്ടോ: screengrab
തിരുവനന്തപുരം : ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ഒത്തുകളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാവരും ചേർന്ന് നടത്തുന്ന ഒരു അഭ്യാസമാണിത്. തിരുത്തേണ്ടവയെല്ലാം തിരുത്തും. തിരുത്തലുകൾ നടപ്പാക്കിയോ എന്ന് മൂന്ന് മാസം കൂടുമ്പോൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർടിക്കെതിരായ കടന്നാക്രമണത്തിന്റെ കുന്തമുന പാർടി നേതൃത്വത്തിനെതിരെയും വരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാർടിയെ കടന്നാക്രമിക്കുകയാണ്. പാർടിക്കെതിരായ കടന്നാക്രമണത്തിന്റെ അടിസ്ഥാനം കമ്മ്യൂണിസ്റ്റ് വിരോധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തിരുത്തേണ്ട കാര്യങ്ങളിൽ ആവശ്യമായ പ്രായോഗിക ഇടപെടലുകൾ നടത്തും. പ്രാദേശിക തലത്തിൽ ഉയരുന്ന പരാതികളിൽ സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെടും. സംസ്ഥാന കമ്മിറ്റി താഴെത്തട്ടിലേക്ക് പോയി വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാപരമായും പുതിയ അവബോധത്തോടെയും താഴെത്തട്ടിൽ വരെ പ്രകടമായ മാറ്റമുണ്ടാകും. പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. പാർടി എംഎൽഎമാർ ഉൾപ്പെടെയുള്ള എല്ലാവരും മെച്ചപ്പെടണമെന്നാണ് പാർടി കാണുന്നത്. എല്ലാവരിലും മാറ്റമുണ്ടാകും. തെറ്റുകൾ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് സംഭവിച്ച വീഴ്ചകൾ വിമർശനപരമായി പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. കൂട്ടായി എന്തെല്ലാം മാറ്റങ്ങൾ വരുത്തണമോ അതെല്ലാം നടപ്പാക്കും. ഈ തുടർപ്രക്രിയ മുന്നോട്ടുപോകും. കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി കാര്യങ്ങൾ പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.









0 comments