ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

ദുബായ് : ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലും ഒറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാനാകും. യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിലുള്ള സംവിധാനമാണിതെന്നും റിയാദിൽ നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗി ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. അതേസമയം, വിസയുടെ കൃത്യമായ ആരംഭ തീയതി, നിരക്ക്, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2023 ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. തുടർന്ന് നവംബറിൽ ജിസിസി ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അംഗീകാരം നൽകി. 2025 ജൂണിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ മർറി വിസയ്ക്ക് അംഗീകാരം ലഭിച്ചതായും നടപ്പാക്കൽ നടപടികൾ മാത്രമാണ് ബാക്കിയെന്നും വ്യക്തമാക്കിയിരുന്നു.
യാത്ര കൂടുതൽ എളുപ്പമാകും
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള യാത്രയും സാമ്പത്തിക ഏകീകരണവും ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധതികളിൽ ഏകീകൃത ടൂറിസ്റ്റ് വിസ പ്രധാനപ്പെട്ടതാണെന്ന് അൽബുദൈവി പറഞ്ഞു. ആറ് രാജ്യങ്ങളെയും ഏകീകൃത വിനോദസഞ്ചാര കേന്ദ്രമായി അവതരിപ്പിക്കാനും അന്താരാഷ്ട്ര സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. യുഎഇ–-ബഹ്റൈൻ വൺ-പോയിന്റ് എയർ ട്രാവലേഴ്സ് പദ്ധതിയും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള യാത്ര സുഗമമാക്കാനുള്ള മറ്റൊരു പ്രധാന സംരംഭമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരിയിൽ അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ബഹ്റൈൻ അന്താരാഷ-്‌ട്ര വിമാനത്താവളത്തിനുമിടയിൽ പദ്ധതിയുടെ പരീക്ഷണഘട്ടം ആരംഭിച്ചിരുന്നു.
ഇലക-്‌ട്രോണിക് സംവിധാനങ്ങൾ, ബയോമെട്രിക് പരിശോധന, ഇ-ഗേറ്റുകൾ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കുന്നതാണ് വൺ-പോയിന്റ് സംവിധാനം. എന്നാൽ, ഇത് ഏകീകൃത ടൂറിസ്റ്റ് വിസയിൽനിന്ന് വ്യത്യസ്തമായ പദ്ധതിയാണ്. ജിസിസി പൗരന്മാരുടെ യാത്രാനടപടികൾ ലളിതമാക്കുകയാണ് വൺ-പോയിന്റ് പദ്ധതിയുടെ ലക്ഷ്യം. വിദേശ വിനോദസഞ്ചാരികൾക്ക് ആറ് രാജ്യങ്ങളിലേക്കും എളുപ്പത്തിൽ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഏകീകൃത ടൂറിസ്റ്റ് വിസ നൽകുന്നത്.
ഏകീകരണം ശക്തം
സ്വതന്ത്ര വ്യാപാര മേഖല, കസ്റ്റംസ് യൂണിയൻ, പൊതുവിപണി എന്നിവ ഉൾപ്പെടെ ദശാബ്ദങ്ങളായി നടപ്പാക്കിയ സംയുക്ത പദ്ധതികൾ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കിയതായി അൽ ബുദൈവി പറഞ്ഞു. ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യം, വിനോദസഞ്ചാരം, ലോജിസ്റ്റിക-്‌സ് തുടങ്ങിയ മേഖലകളിലെ സഹകരണവും നിക്ഷേപവും വർധിച്ചുവരികയാണ്.









0 comments