ad
Deshabhimani

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

baby john
വെബ് ഡെസ്ക്

Published on Sep 13, 2026, 04:59 PM | 2 min read

തൃശൂർ: മുതിർന്ന സിപിഐഎം നേതാവ് ബേബി ജോൺ (74) അന്തരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം, ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു.


മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. 1969മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 1971ൽ പാർടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ൽ ജില്ലാ കമ്മിറ്റിയംഗവും 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്.


2006 ജൂലൈയിൽ സിപിഐ എം തൃശൂർ ജില്ലാസെക്രട്ടറിയായി. കെഎസ് എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായി. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.


കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിലിലായി. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ്മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരകൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.


1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ: ഷീല. മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക്) എന്നിവരാണ് മക്കൾ.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home