ad
Deshabhimani

ഡയറക്‌ടർക്ക്‌ ഇരിക്കും മുമ്പ് മാറ്റം; മുഴുസമയ സെക്രട്ടറിയുമില്ല: വിദ്യാഭ്യാസ വകുപ്പ് ഇരുട്ടിൽ തപ്പുന്നു

kerala secretariat
വെബ് ഡെസ്ക്

Published on Sep 13, 2026, 03:25 PM | 2 min read

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) സ്ഥാനത്ത്‌ മൂന്നര മാസത്തിനിടെ മൂന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെ മാറ്റിയതും പൂർണ സമയ സെക്രട്ടറി ഇല്ലാത്തതും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കി.


കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത്‌ ഡിജിഇ ആയിരുന്ന എൻ എസ്‌ കെ ഉമേഷിനെ പുതിയ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. പകരം ആസിഫ്‌ കെ യൂസഫിനെ ഡിജിഇ ആയി കൊണ്ടുവന്നു. എന്നാൽ, ഇ‍ൗ ഉദ്യോഗസ്ഥനെതിരെ പരാതികളുണ്ടെന്ന പേരിൽ ഒരു മാസത്തിനകം മാറ്റി. ജൂണിൽ സ്‌നേഹിൽ കുമാർ സിങ്ങിനെ നിയമിച്ചു. രണ്ട്‌ ദിവസം മുമ്പ് സ്‌നേഹിൽ കുമാർ സിങ്ങിനെ മാറ്റി അരുൺ കെ വിജയനെ കൊണ്ടുവന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെയും ഭരണാനുകൂല സംഘടനകളുടെയും താൽപ്പര്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കുന്നില്ല എന്നാരോപിച്ചാണ്‌ ഡയറക്‌ടർമാരെ അടിക്കടി മാറ്റുന്നത്‌. കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷ കാലയളവിൽ മൂന്നു പേരെ മാത്രമാണ്‌ ഡിജിഇ സ്ഥാനത്ത്‌ നിയമിച്ചത്‌.


പൊതു വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഡോ. ഡി സജിത്‌ ബാബുവിനെ കഴിഞ്ഞ മാസം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറായി നിയമിച്ചു. അതോടെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി എന്നത്‌ അഡീഷണൽ ചാർജ്ജായി ഒതുങ്ങി. അതുകൊണ്ട്‌ തന്നെ ഇ‍ൗ വലിയ വകുപ്പിലെ കാര്യങ്ങൾ വേണ്ട പോലെ ശ്രദ്ധിക്കാൻ സെക്രട്ടറിക്ക്‌ സാധിക്കുന്നില്ല. ഇ‍ൗ സ്ഥാനത്തേക്ക്‌ പുതിയൊരാളെ കൊണ്ടുവരാനും സർക്കാർ ശ്രദ്ധിക്കുന്നില്ല.


സംസ്ഥാനത്തെ അരക്കോടിയിലധികം കുട്ടികളുടെ ഭാവി നിശ്‌ചയിക്കുന്ന സുപ്രധാന വകുപ്പിനോടുള്ള യുഡിഎഫ്‌ സർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ്‌ ഇതിലൂടെ തെളിയുന്നത്‌. രണ്ടേകാൽ ലക്ഷം ജീവനക്കാരുള്ള വകുപ്പ്‌ കൂടിയാണിത്‌. അദ്ധ്യയന വർഷത്തിന്റെ ആദ്യപകുതിയിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ മാറ്റം വകുപ്പിലെ മുഴുവൻ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചു.


സ്‌കൂളുകളുടെ അടിസ്ഥാന സ‍ൗകര്യ വികസനം അടക്കമുള്ള പ്രവൃത്തികൾ, ജീവനക്കാരുടെ ക്രമീകരണം, കായിക–കലാ മേളകളുടെ നടത്തിപ്പ്‌, വിവിധ ടെണ്ടർ നടപടികൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്‌. ഒരു പുതിയ ഡയറകട്‌ർ വന്ന്‌ വകുപ്പിലെ കാര്യങ്ങൾ മനസ്സിലാക്കാൻ സമയമെടുക്കും. അതിനു പോലും അവസരം നൽകാതെയാണ്‌ മാറ്റുന്നത്‌. ഡയറക്‌ടർമാർ മാറിമാറി വരുന്ന സാഹചര്യത്തിൽ തീരുമാനങ്ങളെടുക്കാൻ താഴെയുള്ള ഉദ്യോഗസ്ഥരും പ്രയാസപ്പെടുന്നു. ഫലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ കാര്യങ്ങൾ വഴിമുട്ടിയ അവസ്ഥയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home