ചാട്ടം പിഴച്ച് ശ്രീ: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് നിരാശ

ടോക്യോ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യതയില്ല. സീസണിലെ മോശം പ്രകടനം കാഴ്‌ചവച്ച ഇരുപത്താറുകാരന് യോഗ്യതാ റൗണ്ടിലെ മൂന്ന് ചാട്ടത്തിലും എട്ട് മീറ്ററിന് അടുത്തുപോലും എത്താനായില്ല. ആദ്യത്തേത് 7.78 മീറ്റർ. തുടർന്ന് 7.59 മീറ്ററും 7.70 മീറ്ററും ചാടി അവസാനിപ്പിച്ചു. ഫൈനലിലെത്താൻ 8.15 മീറ്റർ ചാടേണ്ടിയിരുന്നു. രണ്ട് ഗ്രൂപ്പിലായി 36 പേർ അണിനിരന്ന മത്സരത്തിൽ 25–ാം സ്ഥാനം. പരിക്ക് മാറിയെത്തിയ ശ്രീശങ്കർ ലോക ചാമ്പ്യൻഷിപ്പിനുമുമ്പ് പങ്കെടുത്ത അഞ്ച് മീറ്റുകളിലും ഒന്നാമതെത്തിയിരുന്നു. മൂന്നാം ദിനം ഇന്ത്യക്ക് നിരാശയുടേതായിരുന്നു. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തേജസ് ഷിർസേയ്‌ക്ക് സെമിയിലേക്ക് മുന്നേറാനായില്ല. 13.57 സെക്കൻഡിൽ ഹീറ്റ്‌സിൽ ആറാംസ്ഥാനം. 42 അത്‌ലീറ്റുകളിൽ 29–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ ദേശീയ റെക്കോഡുകാരി പാരുൾ ചൗധരിയും അങ്കിതയും മങ്ങിപ്പോയി. പാരുൾ ഒമ്പത് മിനിറ്റ് 22.24 സെക്കൻഡിൽ ഹീറ്റ്‌സിൽ ഒമ്പതാമതായി. ആകെ ഇരുപതാം സ്ഥാനം. അങ്കിത 35–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ് കുഷാരെ ഇന്ന് വൈകിട്ട് അഞ്ചിന് മത്സരിക്കും.








0 comments