print edition ട്രാക്കിൽ രാജ; മികച്ച സ്പോർട്സ് സ്കൂളിനുള്ള പുരസ്ക്കാരം നേടി ജി വി രാജ

മികച്ച സ്പോർട്സ് സ്‌കൂളിനുള്ള പുരസ്‌കാരം നേടിയ തിരുവനന്തപുരം ജി വി രാജ ടീം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു / ഫോട്ടോ: വി കെ അഭിജിത്
കോഴിക്കോട് : ‘2036 ഒളിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ. ഇൗ ലക്ഷ്യത്തോടെ കൃത്യമായ പദ്ധതി രൂപപ്പെടുത്തിയാണ് പരിശീലനം’ – ജി വി രാജയുടെ പരിശീലകൻ കെ എസ് അജിമോന്റെ വാക്കുകൾക്ക് എൻഐടി സിന്തറ്റിക് ട്രാക്കിലെ മിന്നും പ്രകടനങ്ങളാണ് ഉറപ്പ്.
സ്‌പോർട്‌സ് ഡിവിഷനുകളിൽ ഇക്കുറി ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ അർവാധിപത്യമാണ്. എതിരാളികളില്ലാതെ 85.3 പോയിന്റ് നേട്ടം. മികച്ച സ്‌കൂളായ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിനേക്കാൾ 10 പോയിന്റ് കൂടുതലുണ്ട്.
ഇക്കുറി 53 അംഗ സംഘമാണ് കോഴിക്കോട് എത്തിയത്. രണ്ട് റെക്കോഡ് പ്രകടനമടക്കം പത്ത് സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ശ്രീഹരി കരിക്കൻ മീറ്റ് റെക്കോഡിട്ട് താരമായി. ജൂനിയർ ആൺകുട്ടികളിൽ 1500, 800 മീറ്ററുകളിൽ പി കെ അദിത് ഇരട്ട സ്വർണം നേടി.
‘ദേശീയ സ്‌കൂൾ മീറ്റും 2027ലെ യൂത്ത് ഏഷ്യൻ മീറ്റുമാണ് ലക്ഷ്യം. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. ആദ്യവർഷം തന്നെ മെഡൽ ലക്ഷ്യമിട്ട് അമിത പരിശീലനമില്ല. പടിപടിയായി വളർത്തിക്കൊണ്ടു വരികയാണ്.’ – അജിമോൻ പറഞ്ഞു. അജിത് ഇട്ടി വർഗീസ്, എസ് കെ അഖിൽ, കുര്യാക്കോസ് എന്നിവരാണ് മറ്റു പരിശീലകർ.
കായിക സ്‌കൂളുകളുടെ നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലുകളാണ് ജി വി രാജയുടെ ഉയർത്തെഴുന്നേൽപ്പിന് പിന്നിൽ. കൊച്ചിയിൽ നടന്ന സ്‌കൂൾ കായിക മേളയിൽ നാലു സ്വർണത്തോടെ 42 പോയിന്റായിരുന്നു നേട്ടം. തിരുവനന്തപുരത്ത് സ്വർണം ഏഴാക്കി. 57 പോയിന്റായിരുന്നു.









0 comments