പ്രധാനാധ്യാപകരെ കടക്കെണിയിലാക്കി യുഡിഎഫ് സർക്കാർ

അഖിൽ സദാശിവൻ..
Published on Nov 01, 2026, 02:30 AM | 1 min read
കൊല്ലം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പണം മൂന്നുമാസമായി നൽകാത്തതിനാൽ കടക്കെണിയിലായി പ്രധാനാധ്യാപകർ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ജൂൺ, ജൂലൈ മാസത്തിലെ തുക മാത്രമാണ് സ്കൂളുകൾക്ക് പൂർണമായി നൽകിയത്. പോഷകാഹാരത്തിന്റെയും ഉച്ചഭക്ഷണത്തിന്റെയും തുകയാണ് മൂന്നുമാസമായി നൽകാനുള്ളത്. സ്വർണം പണയംവച്ചും കടം വാങ്ങിയുമാണ് പ്രധാനാധ്യാപകർ ചെലവ് നടത്തിക്കൊണ്ടുപോകുന്നത്. ഒരുലക്ഷത്തിലധികം കുട്ടികൾ ഗുണഭോക്താക്കളായിട്ടുണ്ട്. പണം പിന്നീട് നൽകിയാൽ മതിയെന്ന നിലയിൽ പച്ചക്കറി, പലചരക്കുസാധനങ്ങൾ നേരത്തെ കടകളിൽനിന്ന് സ്കൂളുകളിലേക്ക് നൽകിയിരുന്നു. എന്നാൽ, വില വർധനയും കുടിശ്ശിശിക കൂടിയതിനാലും സാധനങ്ങൾ നൽകാത്ത സ്ഥിതിയാണ്. അരി സപ്ലൈകോ വഴിയാണ് എത്തിക്കുന്നത്. പല പിടിഎ മീൽസ് കമ്മിറ്റികൾക്കും പണം കണ്ടെത്താൻ കഴിയുന്നില്ല. പ്രധാനാധ്യാപകർ ബിൽ കൊടുത്തിട്ടും ട്രഷറിയിൽനിന്ന് മാറി നൽകുന്നില്ല. എൽപിയിലെ ഒരു കുട്ടിക്ക് ഒരുദിനം 6.78രൂപയും യുപിയിലെ കുട്ടിക്ക് 10.17രൂപയുമാണ് നൽകുന്നത്. എന്നാൽ, ഈ തുക ഒന്നിനും തികയില്ല. ഇതിനൊപ്പം വിലവർധനയും കാര്യമായി ബാധിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയുമാണ് നൽകേണ്ടത്. പാലിന് 52രൂപയും മുട്ടയ്ക്ക് ആറുരൂപയാണ് വിപണിയിൽ. പ്രധാനാധ്യാപകരെ കടക്കെണിയിലാക്കാതെ എത്രയും വേഗം പണം അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മെനു ഉപേക്ഷിച്ചു വിദ്യാർഥികളുടെ ആരോഗ്യത്തിനും കാര്യക്ഷമത വർധിപ്പിക്കാനും അവതരിപ്പിച്ച ഉച്ചഭക്ഷണ മെനു സംവിധാനം ഉപേക്ഷിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഈ മെനു തുടരേണ്ട എന്നായിരുന്നു നിർദേശം. ഓരോദിവസവും പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് മെനുവിൽ ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ അതത് സ്കൂൾ കമ്മിറ്റികൾ ഇഷ്ടപ്രകാരം ഭക്ഷണം നൽകാനാണ് നിർദേശം.









0 comments