Deshabhimani

കേരളപ്പിറവി

ഐഎഎസുകാരെ മലയാളം പഠിപ്പിക്കുന്ന സുനിൽ മാഷ്‌

Born in Kerala

കലക്ടറേറ്റിൽ പി വി സുനിൽകുമാറിന്റെ ശിക്ഷണത്തിൽ മലയാളം അക്ഷരങ്ങൾ എഴുതാൻ പഠിക്കുന്ന ബീഹാർ സ്വദേശിയായ ഹൃതിക് രഞ്ജൻ ഐഎഎസ്

വെബ് ഡെസ്ക്

Published on Nov 01, 2026, 03:22 AM | 1 min read

കാക്കനാട്


അന്യസംസ്ഥാനക്കാരായ ഐഎഎസ്‌ ഉദ്യോഗസഥർക്ക്‌ മലയാള ഭാഷയുടെ തനിമ മനസിലാക്കി നൽകി എറണാകുളം കലക്ടറേറ്റിലെ ഉദ്യോഗസ്ഥൻ പി വി സുനിൽകുമാർ. അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം നാടിന്റെ ഹൃദയത്തിലേക്കുള്ള വഴികൂടിയാണ് മാഷ് അവർക്ക് തുറന്നുകൊടുക്കുന്നത്. തിങ്കളാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന മലയാള ദിനാചരണത്തിൽ സുനിൽ മാഷിനെ ആദരിക്കും. ​


2010ൽ റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് സുനിൽകുമാർ ഈ ദൗത്യം ഏറ്റെടുത്തത്. മഹാരാഷ്ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് രൺവീർചന്ദായിരുന്നു മലയാളം പഠിക്കാനെത്തിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ. പിന്നീടിങ്ങോട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പതിനാലോളം ഉദ്യോഗസ്ഥർക്ക് സുനിൽ കുമാർ മാഷ്‌ മലയാളത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകി. ഇവരിൽ പലരും ഇന്ന് സിവിൽ സർവീസിൽ ഉന്നത പദവികൾ വഹിക്കുന്നു. ഈ വർഷം ബിഹാറിൽനിന്നെത്തിയ ഹൃതിക് രഞ്ജൻ ഐഎഎസാണ് ഇപ്പോൾ സുനിൽകുമാർ മാഷിന്റെ ശിഷ്യൻ. ഐഎഎസ് പരീക്ഷ വിജയിച്ച് ഭരണരംഗത്തെത്തുന്ന മിടുക്കരായ ഉദ്യോഗസ്ഥർക്കുപോലും മലയാളം പഠിക്കുക അത്ര എളുപ്പമല്ല. മലയാളത്തിന്റെ സവിശേഷമായ അക്ഷരങ്ങളും ഉച്ചാരണരീതികളും പരിചയപ്പെടാൻ അവർക്ക് പ്രത്യേക പരിശീലനം വേണ്ടിവരും.


കാലം മാറിയതോടെ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഇന്ന് വിവിധ ഭാഷകളിലെ വാക്കുകളും വാക്യങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാനാകുന്നുണ്ട്‌. വാക്കുകൾ ശരിയായി ഉച്ചരിക്കുമ്പോഴും ഒരു വാക്യം മലയാളത്തിൽ എഴുതുമ്പോഴും അവർ പഠിക്കുന്നത് അക്ഷരങ്ങൾ മാത്രമല്ല. ഈ നാടിന്റെ ജീവിതവും സംസ്കാരവും മനുഷ്യബന്ധങ്ങളുംകൂടിയാണ്. കലക്ടറേറ്റിലെ തിരക്കുകൾക്കിടയിൽ സുനിൽ കുമാർ നടത്തുന്ന ഈ ഭാഷാപഠന ദൗത്യത്തിന് കേരളപ്പിറവി ദിനത്തിൽ ജില്ലാ ഭരണനേതൃത്വം ആദരം നൽകും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home