മലയാള നാടിന് എഴുപത് വയസ്
ഐക്യകേരള ചരിത്രത്തിലെ കൊച്ചി

എം എസ് അശോകൻ
Published on Nov 01, 2026, 04:14 AM | 3 min read
കൊച്ചി
മലയാളികളുടെ മാതൃഭൂമിയായി കേരളത്തെ രൂപപ്പെടുത്താൻ രാജ്യമാകെ ഉയർന്ന മുറവിളിക്കൊപ്പം പഴയ കൊച്ചി രാജ്യത്ത് നടന്ന പരിശ്രമങ്ങൾക്കുമുണ്ട് നൂറ്റാണ്ടിന്റെ പഴക്കം. 1928 ഏപ്രിലിൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ ആദ്യമായി ഐക്യകേരളം രൂപീകരിക്കണമെന്ന പ്രമേയം അംഗീകരിച്ചതിൽ തുടങ്ങുന്നു അത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതേ ആവശ്യമുന്നയിച്ച് 1949 ഫെബ്രുവരിയിൽ ആലുവയിൽ ചേർന്ന ഐക്യകേരള കൺവൻഷൻ ഇന്നുള്ളതിനേക്കാൾ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെട്ട പശ്ചിമതീര സംസ്ഥാനമെന്ന സങ്കൽപ്പത്തിലൂന്നിയ കേരളത്തെയാണ് സ്വപ്നം കണ്ടത്.
1923 ആഗസ്ത് ഒന്പതി-ന് കൊച്ചി മഹാരാജാവ് പാസാക്കിയ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് പ്രകാരം നിലവിൽവന്ന കൊച്ചിൻ ലജിസ്ലേറ്റീവ് കൗൺസിലിനും കേരള സംസ്ഥാനം രൂപപ്പെട്ടതിന്റെ ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. കൗൺസിലിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് 1925 ജനുവരി ഏഴിനായിരുന്നു. 45 അംഗ കൗൺസിൽ ഏപ്രിൽ 23ന് ആദ്യയോഗം തൃപ്പൂണിത്തുറ ഹിൽപ്പാലസിലെ ദർബാർഹാളിൽ ചേർന്നതിന്റെ 100–ാംവാർഷികമാണ് പിന്നിട്ടത്. സ്വാതന്ത്ര്യത്തലേന്ന്, 1947 ആഗസ്ത് 14ന് ഉത്തരവാദഭരണ പ്രഖ്യാപനത്തോടെ ലെജിസ്ലേറ്റീവ് കൗൺസിൽ കൊച്ചി രാജ്യ നിയമസഭയായി മാറി. ലെജിസ്ലേറ്റീവ് അസംബ്ലിയുടെയും കൊച്ചി രാജ്യ നിയമസഭയുടെയും അസംബ്ലിമന്ദിരം പിന്നീട് എറണാകുളം ലോ കോളേജ് ക്യാന്പസിൽ പൈതൃകമന്ദിരമായി സംരക്ഷിക്കപ്പെട്ട കെട്ടിടമാണ്. അന്നത്തെ സെക്രട്ടറിയറ്റായിരുന്ന സുഭാഷ് ബോസ് പാർക്കിന് എതിർവശത്തെ ബ്രിട്ടീഷ്–ഡച്ച് വാസ്തുമാതൃകയിലുള്ള പഴയ കെട്ടിടത്തിലാണ് ഇപ്പോൾ കണയന്നൂർ താലൂക്ക് ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, റീജണൽ ആർക്കൈവ്സ് തുടങ്ങിയവ പ്രവർത്തിക്കുന്നത്.
‘ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയം’
ബ്രിട്ടീഷ് മലബാറും കൊച്ചിയും തിരുവിതാംകൂറും ചേർത്ത് ഐക്യകേരളം രൂപവൽക്കരിക്കുന്നതിനെ, 1946 ജൂലൈ 29ന് കൊച്ചി നിയമസഭയിലേക്ക് അയച്ച സന്ദേശത്തിലൂടെ കൊച്ചി രാജാവ് പിന്തുണച്ചിരുന്നു. ഉത്തരവാദഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊച്ചി പ്രജാമണ്ഡലം ഉത്തരവാദഭരണദിനമായി ആചരിച്ച ദിവസമായിരുന്നു അത്. തെരഞ്ഞെടുക്കപ്പെട്ട ഏഴംഗങ്ങൾമാത്രം സന്നിഹിതരായിരുന്ന സഭയിൽ ബ്രിട്ടീഷുകാരനായ ദിവാനാണ് രാജാവിന്റെ സന്ദേശം വായിച്ചത്. ഉത്തരവാദഭരണത്തെപ്പറ്റി സന്ദേശം മൗനംപാലിച്ചു.
ഐക്യകേരളാശംസകൊണ്ട് രാജകുടുംബം അധികാരംവച്ചൊഴിയുമെന്ന് അർഥമാക്കരുതെന്നും എടുത്തുപറഞ്ഞിരുന്നു. ദിവാനെ നിയമിക്കുന്നതുൾപ്പെടെയുള്ള സ്വതന്ത്ര അധികാരങ്ങളൊന്നുമില്ലാത്ത കൊച്ചിരാജാവിന്റെ സന്ദേശത്തെ ‘ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയം’ എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്.
ആദ്യം അഞ്ച് ജില്ലകൾ
ഐക്യകേരളത്തിനെതിരെ തിരുവിതാംകൂറിൽ ഉണ്ടായതുപോലുള്ള ചെറുത്തുനിൽപ്പൊന്നും കൊച്ചിയിലുണ്ടായില്ല. 1947 ഏപ്രിൽ 11ന് തൃശൂരിൽ ചേർന്ന പ്രഥമ ഐക്യകേരള സമ്മേളനം ഉദ്ഘാടനംചെയ്തത് പിൽക്കാലത്ത് ഐക്യകേരളം തന്പുരാൻ എന്നറിയപ്പെട്ട കൊച്ചി രാജാവാണ്. 1949 ജൂലൈ ഒന്നിനാണ് ഐക്യ കേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായി തിരുവിതാംകൂർ, കൊച്ചി രാജ്യ സംയോജനവും തിരു–കൊച്ചി പ്രഖ്യാപനവുമുണ്ടായത്. തിരുവിതാംകൂറും കൊച്ചിയും മദ്രാസ് പ്രവിശ്യയിലെ മലബാറും കാസർകോട് താലൂക്കും ഉൾപ്പെട്ട ഐക്യകേരളം 1956 നവംബർ ഒന്നിന് നിലവിൽവരുന്പോൾ അഞ്ച് ജില്ലകൾമാത്രമാണുണ്ടായിരുന്നത്. പിന്നെയും രണ്ടുവർഷംകൂടി കഴിഞ്ഞാണ് എറണാകുളം ജില്ല രൂപീകരിച്ചത്; 1958 ഏപ്രിൽ ഒന്നിന്.
രാജേന്ദ്ര മൈതാനത്ത് ചേർന്ന പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം. ജില്ലാരൂപീകരണ ആവശ്യം ഉന്നയിച്ച് ഒരു ആക്ഷൻ കമ്മിറ്റി പ്രവർത്തിച്ചിരുന്നതായി അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിന്റെ ആത്മകഥയിൽ പറയുന്നു. പത്രപ്രവർത്തകനായിരുന്ന എം പി കൃഷ്ണപിള്ള, പാലക്കകത്ത് നാരായണമേനോൻ, എം കെ രാഘവൻ, വി വിശ്വനാഥമേനോൻ എന്നിവരായിരുന്നു ഭാരവാഹികൾ. താനുൾപ്പെട്ട നിവേദകസംഘം ജില്ലാ രൂപീകരണ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഇ എം എസിനെ എറണാകുളം ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചതും അദ്ദേഹം അനുകൂലമായി പ്രതികരിച്ചതും ലോറൻസ് സ്മരിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതി മന്ദിരം
സപ്തതി നിറവിൽ കേരള ഹൈക്കോടതി
സിറിൾ രാധാകൃഷ്ണൻ
കൊച്ചി
നവംബര് ഒന്നിന് കേരളത്തിനൊപ്പം സപ്തതിയാഘോഷിക്കുകയാണ് കേരള ഹൈക്കോടതിയും. കേരളപ്പിറവിക്കൊപ്പമാണ് എറണാകുളത്ത് തലയുയര്ത്തിനില്ക്കുന്ന കേരള ഹൈക്കോടതി രൂപപ്പെട്ടത്. ബ്രിട്ടീഷുകാരില് (തിരുവിതാംകൂര് ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോ) തുടങ്ങുന്നു ജില്ലയിലെ ആധുനിക നീതിന്യായ ഭരണചരിത്രം. ഫോർട്ട്കൊച്ചിയിൽ 1812-ൽ ഓക്സിസിലറി ജില്ലാ കോടതിയും 1816-ൽ ജില്ലാ മുൻസിഫ് കോടതിയും സ്ഥാപിതമായി. ആദ്യത്തേത് 1845-ൽ നിർത്തി, അതിന്റെ സ്ഥാനത്ത് പ്രിൻസിപ്പൽ സുദർ അമീൻ കോടതി വന്നു. 1813 ഏപ്രിലിലെ ഹുകുംനാമ (വിജ്ഞാപനം)പ്രകാരം തൃപ്പൂണിത്തുറയിൽ സബോർഡിനേറ്റ് കോടതിയും എറണാകുളത്ത് ഹുസൂർ കോടതിയും സ്ഥാപിച്ചു. 1818-ൽ നഞ്ചപ്പയ്യ ദിവാന്റെ കാലത്ത് ഹുസൂർ കോടതിയെ അപ്പീൽ കോടതിയാക്കി മാറ്റി. തൃപ്പൂണിത്തുറയിലെ സബോർഡിനേറ്റ് കോടതിയെ എറണാകുളത്തേക്ക് മാറ്റി. 1861 ജൂണിൽ എറണാകുളത്ത് ഒരു മുൻസിഫ് കോടതി സ്ഥാപിച്ചു.
ചീഫ് കോടതിയിൽനിന്ന് ഹൈക്കോടതി
1877-ൽ കൊച്ചി താലൂക്കിനായി പ്രത്യേക മുൻസിഫ് കോടതി സ്ഥാപിച്ചു.1883-ൽ ഇത് നിർത്തലാക്കിയെങ്കിലും ഏഴുവർഷത്തിനുശേഷം പുനരുജ്ജീവിപ്പിച്ചു. 1882-ൽ 1057-ലെ റെഗുലേഷൻ ഒന്ന് പ്രകാരം മുൻസിഫ്, ജില്ല, അപ്പീൽ, രാജയുടെ അപ്പീൽകോടതി എന്നിവ സ്ഥാപിച്ചു. 1076-ലെ റെഗുലേഷൻ പത്തില് ഒരു ചീഫ് കോടതി രൂപീകരിച്ചതോടെ രാജാവിന്റെ അപ്പീൽകോടതി അവസാനിപ്പിച്ചു. അതേ വർഷത്തെ റെഗുലേഷൻ മൂന്നുപ്രകാരം ജില്ലാ കോടതിയുടെ പേര് ചീഫ് കോടതി എന്നാക്കി. 1938-ൽ കൊച്ചിയിലെ ചീഫ് കോടതി ഹൈക്കോടതിയായി. 1947 ആഗസ്ത് 15-ന് സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1949 ജൂലൈ ഒന്നി-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ചേർത്ത് തിരു-–കൊച്ചി സംസ്ഥാനം രൂപീകൃതമായതിനെ തുടർന്ന് ജൂലൈ ഏഴി-ന് എറണാകുളം ആസ്ഥാനമായി തിരു-–കൊച്ചി ഹൈക്കോടതി സ്ഥാപിതമായി. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽവന്ന ദിവസംതന്നെ എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതിയും സ്ഥാപിതമായി. കേരളത്തിനുപുറമേ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെക്കൂടി ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. തിരു–-കൊച്ചി ഹൈക്കോടതിയിലെ 3409 പ്രധാന കേസുകളും മദ്രാസ് ഹൈക്കോടതിയിലെ 1504 കേസുകളുമായിരുന്നു കേരള ഹൈക്കോടതി സ്ഥാപിതമാകുമ്പോൾ പരിഗണനയ്ക്കുണ്ടായിരുന്നത്. കൈതയിൽ തോമസ് കോശിയായിരുന്നു ആദ്യ ചീഫ് ജസ്റ്റിസ്. റാം മോഹന്പാലസായിരുന്നു ആദ്യ ആസ്ഥാനം. 2006 ഫെബ്രുവരി 11-നാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഞായറാഴ്ച നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര ഉദ്ഘാടനംചെയ്യും.
സപ്തതി ആഘോഷം ഇന്ന്
കൊച്ചി
കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായർ പകൽ 11ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനംചെയ്യും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനാകും. കേന്ദ്ര നിയമ-നീതി സഹമന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി, കേരള അക്കൗണ്ട് ജനറൽ കെ ജാജു ബാബു, ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ പി ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.







0 comments