അട്ടപ്പാടിയിലെ തുടർ ശിശുമരണം
മെഴുകുതിരിവെട്ടത്ത് ഇറ്റുവീണു, കൂട്ടുകാരുടെ കണ്ണീർ

ചേർത്തല
പാലക്കാട് അട്ടപ്പാടിയിൽ ഗോത്രവർഗ കുടുംബങ്ങളിലെ നവജാതശിശുക്കളുടെ മരണം ആവർത്തിക്കുന്ന ഗുരുതര സാഹചര്യം ബാലസംഘം ജില്ലാ സമ്മേളനവേദിയിൽ വൈകാരിക പ്രതികരണം സൃഷ്‌ടിച്ചു. അടങ്ങാത്ത ദുഃഖഭാരവും അമർഷവുമായി അണിനിരന്ന കുട്ടികൾ മെഴുകുതിരിവെട്ടത്ത് കണ്ണീർപൊഴിച്ചു. രക്ഷിതാക്കളും പ്രതികരണത്തിൽ പങ്കാളികളായി. ശനിയാഴ്‌ച സന്ധ്യയോടെയാണ് സമ്മേളന നടപടിക്രമങ്ങൾ നിർത്തിവച്ച് സർക്കാർ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ഇരകളായി അട്ടപ്പാടിയിൽ മരിച്ചുവീണ കുഞ്ഞുങ്ങളെ അനുസ്‌മരിച്ചത്. ഇടതുഭരണത്തിൽ കരുതലോടെയുള്ള നടപടികളിലൂടെ ഇല്ലാതാക്കിയ ശിശുമരണം തിരിച്ചെത്തുന്നത് പൊറുക്കാനാകില്ലെന്ന് ബാലസംഘം കൂട്ടുകാർ പ്രഖ്യാപിച്ചു. മനഃസാക്ഷിയില്ലാത്ത ഭരണകൂടവാഴ്‌ച സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ആദിവാസികളെ തിരിഞ്ഞുനോക്കാത്തതിന്റെ ഫലമാണ് മാസങ്ങൾക്കുള്ളിൽ 10 കുഞ്ഞുങ്ങളുടെ ജീവൻ നഷ്‌ടപ്പെടുത്തിയതെന്ന് തിരിച്ചറിയുന്നതായി കുട്ടികൾ പ്രഖ്യാപിച്ചു. അതുസംബന്ധിച്ച് സമ്മേളനത്തിന്റെ വികാരം പ്രതിഫലിപ്പിച്ച പ്രമേയം വായിച്ചായിരുന്നു പ്രതികരണം. സ്വാഗതസംഘം ചെയർമാൻ എ എം ആരിഫും കൺവീനർ ബി വിനോദും ഉൾപ്പെടെ പങ്കെടുത്തു.








0 comments