ബാലസംഘം ജില്ലാ സമ്മേളനത്തിന് ഉജ്വലതുടക്കം

ബാലസംഘം ജില്ലാ സമ്മേളനം ചേർത്തലയിൽ മുൻ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 01, 2026, 02:33 AM | 1 min read
ചേർത്തല
ബാലസംഘം ജില്ലാ സമ്മേളനം ചേർത്തല നഗരത്തിലെ വി എസ് നഗറിൽ(അഖിലാഞ്‌ജലി ഓഡിറ്റോറിയം) തുടങ്ങി. മുൻ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വർഷ സജീവ് പതാക ഉയർത്തി. കുട്ടികളുടെ ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. വർഷ സജീവ്, അഫ്രിൻ, ജി ഗൗതം, അഹാന എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഗൗതം അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഭിറാം രഞ്‌ജിത്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എം പി ഗോകുൽ, എൻ ആർ ബാബുരാജ് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് ചർച്ചയ്‌ക്ക് ശേഷം റിപ്പോർട്ടിന്മേൽ പൊതുചർച്ച നടന്നു. അട്ടപ്പാടിയിൽ മാസങ്ങൾക്കുള്ളിൽ 10 കുഞ്ഞുങ്ങൾ മരിക്കാനിടയായ സാഹചര്യം ഒരുക്കിയ സർക്കാർ ക്രൂരതയ്‌ക്ക് എതിരെ കുട്ടികൾ സമ്മേളനവേദിയിൽ മെഴുതിരിതെളിച്ച് പ്രതിഷേധിച്ചു. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്‌ക്ക് എതിരായ പ്രമേയം സമ്മേളനം അംഗീകരിച്ചു. ഞായർ രാവിലെ ഒന്പതിന് സമ്മേളനം പുനരാരംഭിക്കും. പുതിയ കമ്മിറ്റികളെയും ഭാരവാഹികളെയും തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും. 304 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഗാനാലാപനവും നടനവുമായി സർഗാത്മകമാണ് സമ്മേളനവേദി.









0 comments