print edition ട്രാക്കിലെ വീരൻ

ഗ്ലാസ്‌ഗോ: പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി ഗുൽവീർ സിങ്. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 27 മിനിറ്റ് 49.78 സെക്കൻഡിലാണ് രണ്ടാമനായി ഫിനിഷ്.
ഓസ്‌ട്രേലിയയുടെ കൈ റോബിൻസൺ 0.85 സെക്കൻഡ് വ്യത്യാസത്തിലാണ് സ്വർണം നേടിയത്. ഐറിഷ് കടലിലെ ദ്വീപ് രാജ്യമായ ഐസിൽ ഓഫ് മാൻ അത്‌ലീറ്റ് ഡേവിഡ് മുല്ലർക്കി വെങ്കലം കരസ്ഥമാക്കി. 40 വർഷത്തിനുശേഷമാണ് ഇൗയിനത്തിൽ ഒരു ആഫ്രിക്കൻ രാജ്യം മെഡൽ നേടാതിരുന്നത്.
കനത്ത മഴയിലായിരുന്നു പതിനായിരം മീറ്റർ ഫൈനൽ. തന്ത്രപരമായ ഓട്ടമാണ് ഗുൽവീറിന് മെഡൽ സാധ്യമാക്കിയത്. 15 പേർ അണിനിരന്നപ്പോൾ തുടക്കത്തിൽ പിന്തള്ളപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. ആദ്യ മൂന്നുപേരായി ഓടാനാണ് ശ്രമിച്ചത്.
പരമാവധി ഉൗർജം അവസാന ലാപ്പിലേക്ക് കരുതിവെച്ച തന്ത്രം വിജയിച്ചു. പകുതിദൂരം പിന്നിട്ടപ്പോൾ നാലാമനായി. 6000 മീറ്ററിൽ ഒമ്പതാംസ്ഥാനത്ത്. 8000 മീറ്ററായപ്പോൾ ആറാംസ്ഥനത്തെത്തി.
അവസാന 1000 മീറ്ററിൽ കയറിവന്നു. ആദ്യ മൂന്ന് സ്ഥാനക്കാരും സ്‌പ്രിന്റ് ഫിനിഷ് പോലെയാണ് കുതിച്ചെത്തിയത്. അമേരിക്കയിൽ സ്‌കോട്ട് സിമൺസിന്റെ കീഴിലെ പരിശീലനം മെഡൽ നേട്ടത്തിൽ നിർണായകമായി.
ഗുൽവീർ ഉത്തർപ്രദേശുകാരനായ സൈനികനാണ്. 5000 മീറ്റർ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്. രണ്ട് ഇനത്തിലും ദേശീയ റെക്കോഡുകാരനാണ്. പതിനായിരം മീറ്ററിൽ 27 മിനിറ്റ് 0.22 സെക്കൻഡാണ് ഇരുപത്തെട്ടുകാരൻ കുറിച്ച ദേശീയ സമയം.










0 comments