ഗതാഗതക്കുരുക്കിലമർന്ന് അശോകപുരം കൊച്ചിൻ ബാങ്ക് ജങ്‌ഷൻ

ഗതാഗതക്കുരുക്കിലമർന്ന ആലുവ–മൂന്നാർ റോഡിലെ അശോകപുരം കൊച്ചിൻ ബാങ്ക് ജങ്ഷൻ
ആലുവ
ആലുവ–മൂന്നാർ സ്വകാര്യ റോഡിലെ അശോകപുരം കൊച്ചിൻ ബാങ്ക് ജങ്ഷനിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുക, ട്രാഫിക് പൊലീസ് നിശ്ചയിച്ച ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുക, ജനങ്ങളുടെ യാത്രാസുരക്ഷയും ആംബുലൻസുകൾക്കും മറ്റു അടിയന്തര വാഹനങ്ങൾക്കും സുഗമമായ യാത്ര ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പരാതി നൽകി.
ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം അശോകപുരം ബ്രാഞ്ച് സെക്രട്ടറി കെ എസ് സുനീർ ആലുവ ജോയിന്റ് ആർടിഒ, ആലുവ ട്രാഫിക് പൊലീസ്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവർക്കാണ് പരാതി നൽകിയത്. പെരുമ്പാവൂർ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന സ്വകാര്യ ബസുകൾ ട്രാഫിക് പൊലീസ് നിശ്ചയിച്ചിട്ടുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ എൻഎഡി റോഡിലൂടെ കളമശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊച്ചിൻ ബാങ്ക് ജങ്‌ഷനിൽനിന്ന് തിരിഞ്ഞുപോകുന്ന ഭാഗത്തോടുചേർന്ന് അനധികൃതമായി നിർത്തുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് സൃഷ്‌ടിക്കുന്നത്.
ജങ്ഷനിൽനിന്ന് മുന്നോട്ടുനീങ്ങിയുള്ള സ്റ്റോപ്പിൽ നിർത്താതെ മറ്റൊരു സ്ഥലത്ത് നിർത്തുന്നതോടെ മൂന്ന് വശങ്ങളിൽനിന്ന് എത്തുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും ഒരേസമയം കുരുക്കിലാകും. അടിയന്തര ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകൾക്കുപോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.
പലവട്ടം നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. ട്രാഫിക് പൊലീസ് നിശ്ചയിച്ച ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തണം. ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണം. നടപടി സ്വീകരിക്കാത്തപക്ഷം പ്രദേശവാസികളെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധം നടത്തുമെന്നും സിപിഐ എം പ്രവർത്തകർ പരാതിയിൽ പറയുന്നു.










0 comments