ad
Deshabhimani

വലകൾ നിറയട്ടെ

Trolling ban

വൈപ്പിൻ കാളമുക്ക് ഹാർബറിൽ വലനെയ്യുന്ന മത്സ്യത്തൊഴിലാളികൾ 
 /ഫോട്ടോ: വി കെ അഭിജിത്

avatar
സിറിൾ രാധാകൃഷ്‌ണൻ

Published on Jul 30, 2026, 03:42 AM | 1 min read

കൊച്ചി


അന്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ ജില്ലയുടെ തീരമേഖലയുണരുന്നു. വെള്ളിയാഴ്‌ച നിരോധനം അവസാനിച്ച് ബോട്ടുകള്‍ മീൻ തേടി കടലലകളിലേക്ക് ഇറങ്ങുംമുമ്പുള്ള ഒരുക്കങ്ങളുടെ ഓട്ടപ്പാച്ചിലിലാണ് തീരം. ജില്ലയിലെ 700 ബോട്ടുകളും ഇതരസംസ്ഥാനത്തുനിന്ന്‌ ലൈസൻസ് നേടിയ 150 ബോട്ടും അടക്കം 850 ബോട്ടുകളാണ് മീൻപിടിത്തത്തിനായി ഒരുങ്ങുന്നത്. ഇവയിലെല്ലാമായി 13,000 തൊഴിലാളികളും പതിനായിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളും മേഖലയിലുണ്ട്.


നിരോധനകാലം അവസാനിക്കാനിരിക്കെ വലയും ബോട്ടും ഒരുക്കുന്നതിന്റെ തിരക്കിലാണ് തൊഴിലാളികളും ബോട്ടുടമകളും. ഗില്‍നെറ്റ്, പഴ്സീന്‍ വല ഉപയോഗിച്ചാണ് ജില്ലയിലെ ബോട്ടുകള്‍ പ്രധാനമായും മീൻപിടിക്കുന്നത്. വള്ളമുപയോഗിക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ താങ്ങുവലയും ചൂണ്ട ബോട്ടുകള്‍ ലോങ് ലൈനും ഉപയോഗിക്കുന്നു. മഴ കുറഞ്ഞത് മീൻലഭ്യത കുറയ്ക്കുമോയെന്ന് ആശങ്കയുണ്ട്.


മുനമ്പം ഫിഷിങ് ഹാര്‍ബര്‍, കൊച്ചി ഹാര്‍ബര്‍, ചെല്ലാനത്തെയും കാളമുക്കിലെയും ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ മീൻവിപണനവും കയറ്റുമതിയും നടക്കുന്നത്.


അറ്റകുറ്റപ്പണിക്കായി കയറ്റിയ ബോട്ടുകള്‍ "വെള്ളക്കേട്' തീര്‍ത്തും എൻജിൻ പണിതും ഫിഷ് ഫൈന്‍ഡറുകളും വയര്‍ലസ് സെറ്റുകളും നന്നാക്കിയും ഒരുങ്ങുകയാണ്. മുനന്പത്തെ യാര്‍ഡുകളില്‍ പുതിയ ബോട്ടുകളും ഒരുങ്ങുന്നു. മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്‌. നിരോധനകാലത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയ കുളച്ചില്‍ക്കാര്‍ അടക്കം ഇതരസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തിത്തുടങ്ങി. അസം, ബംഗാള്‍, ഒഡിഷക്കാരാണ് അധികവും.


20,355 തൊഴിലാളികളാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ളത്. അനുബന്ധമത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ 7772 പേരുണ്ട്. ലോഡിങ്, കയറ്റുമതി, ഇന്ധനം, വാഹനങ്ങള്‍, ഐസ് പ്ലാന്റ്, പീലിങ്, ബോട്ട് നിര്‍മാണം, വലനിര്‍മാണം, മൊത്ത–ചില്ലറ വില്‍പ്പന, ജിപിഎസ്, മത്സ്യസംസ്കരണം, വളംനിര്‍മാണം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങി അനുബന്ധമേഖലകളില്‍ ആയിരക്കണക്കിനുപേരുമുണ്ട്‌.

വൈദ്യുതിമുടക്കം വലയ്ക്കുന്നു

ഒരുക്കങ്ങള്‍ക്ക് വൈദ്യുതിമുടക്കം തടസ്സമാകുന്നുണ്ട്‌. ബോട്ട് നിര്‍മാണത്തെയും ഐസ് നിര്‍മാണത്തെയും വൈദ്യുതിപ്രശ്നം സാരമായി ബാധിക്കുന്നു. അനിയന്ത്രിതമായി വൈദ്യുതി മുടങ്ങിയാല്‍ ഐസ് ക്ഷാമമുണ്ടായി ബോട്ടുകള്‍ക്ക് കടലില്‍ പോകാനാകാതെവരും. വലിയ ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ 400 ബ്ലോക്കും ചെറിയവയ്ക്ക് 200 ബ്ലോക്ക് ഐസും വേണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home