ad
Deshabhimani

കലക്കൻ ബീഫ്‌ രുചിയുമായി

beef curry
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jul 30, 2026, 03:32 AM | 1 min read

കൊച്ചി


ഫ്രിഡ്‌ജിൽവച്ച ഭഷണം ഇവിടെ വിളമ്പാറില്ല. നൂറുവർഷംമുമ്പ്‌ ഹോട്ടൽ തുടങ്ങിയപ്പോൾമുതലുള്ള രീതികൾതന്നെയാണിപ്പോഴും തുടരുന്നത്‌. പച്ചാളം ജങ്‌ഷനിലെത്തിയാൽ നിങ്ങൾക്ക്‌ സ്ഥലം കണ്ടെത്താം–വത്സാ കഫേ.


നൂറുവർഷത്തെ രുചിപാരമ്പര്യവുമായി തലയുയർത്തിനിൽക്കുന്ന ഒരു കൊച്ചു ഹോട്ടൽ.

ബീഫാണ് സ്‌പെഷ്യല്‍ ഐറ്റം. ബീഫ് റോസ്‌റ്റും കറിയും ഫ്രൈയുമെല്ലാം കണ്ണടച്ച്‌ തുറക്കുന്പോഴേയ്‌ക്കും തീരും. മലബാര്‍ ബിരിയാണിയും സ്‌പെഷ്യലാണ്‌. ഇവിടത്തെ കടല ഫ്രൈയുടെ രുചിയും ഒന്നുവേറെതന്നെ. പൊറോട്ടയ്‌ക്കും നാലു മണി ചായയ്‌ക്കും ഒപ്പം കടല ഫ്രൈ കഴിക്കാനെത്തുന്നവർ ഏറെയാണ്‌. നഗരത്തിലെ ഏറ്റവും പ്രായംകൂടിയ ഹോട്ടലുകളിലൊന്നായ ‘വത്സ കഫേ’ പച്ചാളത്ത്‌ ആരംഭിച്ചത്‌ 1926ലാണ്‌.

ഇപ്പോഴത്തെ ഉടമ പച്ചാളം കുന്നത്തുപറന്പിൽ വീട്ടിൽ കെ വി ബിജോയി വത്സ കഫേയുടെ നാലാംതലമുറയാണ്. ബീഫ് വിഭവങ്ങള്‍തന്നെയാണ് അന്നുമുതല്‍ സ്‌പെഷ്യല്‍. ബിജോയിക്ക് ഓര്‍മവച്ചനാള്‍മുതല്‍ കാണുന്നതും കേള്‍ക്കുന്നതും ഈ ബീഫ് രുചിക്കഥകളാണ്‌.


ബിജോയിയുടെ മുത്തച്ഛൻ പാപ്പുക്കുട്ടിയുടെ (വേലായുധൻ) അമ്മ ചീരുവാണ്‌ ആദ്യം കടയാരംഭിച്ചത്. മൂന്നോ നാലോ പേര്‍ക്കുമാത്രം ഇരിക്കാവുന്ന ചെറിയൊരു കടയായിട്ടാണ്‌ തുടക്കം. കുമ്പിളപ്പം, ഇലയട തുടങ്ങിയവയിലാണ്‌ തുടക്കം. പിന്നീട് കട വേലായുധന്‌ കൈമാറിയതോടെ പച്ചാളത്തേയ്ക്കുമാറി 1926ൽ പ്രവര്‍ത്തനം ആരംഭിച്ചു. ബീഫ് വിഭവങ്ങള്‍ ആരംഭിച്ചതും അന്നുമുതല്‍.


നാടന്‍ ചേരുവകളാണ് കഫേയിലെ രുചിയൂറും വിഭവങ്ങളില്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ത്തന്നെയാണ് ഗരം മസാലയും ബിരിയാണി മസാലയും തയ്യാറാക്കുന്നത്. ഹോട്ടലിലെ ബീഫ് വിഭവങ്ങൾക്ക്‌ പിറകെ ബിബിസി ചാനല്‍ സംഘംവരെ എത്തി. അവര്‍ വത്സ കഫേയെ ലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home