ഒത്തുപിടിച്ചാൽ റോഡും മാറും സ്വന്തം ലേഖകൻ

എയ്ഞ്ചൽവാലി റോഡിലെ മുക്കംപെട്ടി ജങ്‌ഷൻ
കാഞ്ഞിരപ്പള്ളി പാതയൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് മടി. പിന്നെയൊന്നും നോക്കിയില്ല നാട്ടുകാർ ഒത്തുചേർന്ന് പണം പിരിച്ചു, വളവിൽ തടസമായി നിന്ന കടമാറ്റാൻ പണം നൽകി കടതന്നെ വാങ്ങി. ഒടുവിൽ അപകടകരമായ കടപൊളിച്ചുനീക്കി റോഡിന് വീതി കൂട്ടാനും തീരുമാനമായി. ശബരിമല തീർഥാടകരുടെയടക്കം നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന മുക്കൂട്ടുതറ മൂക്കംപെട്ടി ജങ്‌ഷനാണ് വീതികൂട്ടുന്നത്. എയ്ഞ്ചൽവാലി റോഡിലെ മുക്കംപെട്ടി ജങ്‌ഷനിൽ റോഡിലെ വളവിൽ റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന സ്‌റ്റേഷനറി കടയാണ് നാട്ടുകാർ പണം കൊടുത്ത് വാങ്ങിയത്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഇവിടെ ഒറ്റയടിക്ക് തിരിഞ്ഞുപോകാൻ വയ്യാത്ത സ്ഥിതിയാണ്. നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡുവികസനസമിതി യോഗം ചേർന്നു. റോഡിലേക്ക് തള്ളിനിൽക്കുന്ന മൂക്കൻപെട്ടിയിലെ കടയുടമ വാലേൽ വി വി കരുണാകരനുമായി സംസാരിച്ചു. 1.7 ലക്ഷം രൂപ ലഭിച്ചാൽ കടപൊളിച്ച് റോഡിന് വീതികൂട്ടാൻ വിട്ടുനൽകാമെന്ന് സമ്മതിച്ചു. മുപ്പതിനായിരം രൂപ കൂടി ഉണ്ടെങ്കിൽ കടപൊളിച്ചുനീക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്യാമെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി. ജനപ്രതിനിധികളും പൊതുപ്രവർത്തകരും റോഡ് വികസന സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി 1.9 ലക്ഷം രൂപ പിരിച്ചെടുത്തു. സ്ഥലം ഉടമയ്ക്ക് പതിനായിരം രൂപ അഡ്വാൻസും നൽകി എഗ്രിമെന്റും എഴുതി. വ്യാഴാഴ്ച ബാക്കി പണം കൂടി നൽകി കടപൊളിച്ചു നീക്കും. ഒപ്പം ഈ ഭാഗം വീതികൂട്ടി കോൺക്രീറ്റ് ചെയ്യും. അധികൃതർ മടിച്ചുനിന്നിടത്താണ് നാട്ടുകാർ ഒത്തുചേർന്നപ്പോൾ നാടിന്റെ മുഖച്ഛായ മാറ്റുന്ന വലിയൊരു ഉദ്യമം യാഥാർഥ്യമാകുന്നത്.










0 comments