Deshabhimani

print edition ഗുൽവീറിനും പാരുളിനും ഇരട്ടത്തിളക്കം

Asian games.jpg

പാരുൾ ച‍ൗധരി വെങ്കല മെഡലുമായി (ഇടത്), 1500 മീറ്ററിൽ വെള്ളി നേടിയശേഷം ഇന്ത്യയുടെ ഗുൽവീർ സിങ് ട്രാക്കിൽ മുത്തം വയ്ക്കാനൊരുങ്ങുന്നു (വലത്)

വെബ് ഡെസ്ക്

Published on Sep 29, 2026, 01:06 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസ്‌ അത്‌ലറ്റിക്‌സിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ്‌ നീളുന്നു. ലോങ്‌ ജന്പിൽ എം ശ്രീശങ്കറിന്റെയും 1500 മീറ്ററിൽ ഗുൽവീർ സിങ്ങിന്റെയും ജാവലിൻ ത്രോയിൽ യാഷ്‌വീർ സിങ്ങിന്റെയും വെള്ളി മെഡലുകളാണ്‌ പ്രധാനനേട്ടം. ജാവലിനിൽ രോഹിത്‌ യാദവിലൂടെ വെങ്കലവും ഇന്ത്യ സ്വന്തമാക്കി. വനിതകളുടെ 5000 മീറ്ററിൽ പാരുൾ ച‍ൗധരിയും 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജും വെങ്കലം തൊട്ടു.


പുരുഷ 10000 മീറ്ററിലെ വെള്ളി നേട്ടത്തിന്‌ പിന്നാലെ 1500ലും ഗുൽവീർ വെള്ളിപതക്കം നേടി. മൂന്ന്‌ മിനിറ്റ്‌ 36.72 സെക്കൻഡിലാണ്‌ നേട്ടം. ജപ്പാന്റെ കസുട്ടോ ഇസാവ (3:36.35) ചാന്പ്യനായി.


വനിതകളിൽ പാരുൾ ച‍ൗധരിയും ഇരട്ട നേട്ടം സ്വന്തമാക്കി. 5000 മീറ്ററിൽ 15 മിനിറ്റ്‌ 14.61 സെക്കൻഡിൽ വെങ്കലം നേടി. കഴിഞ്ഞദിവസം വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിലും പാരുളിന്‌ വെങ്കലം കിട്ടിയിരുന്നു.


ജാവലിനിൽ സൂപ്പർ താരം നീരജ്‌ ചോപ്രയുടെ അഭാവത്തിലും ഇന്ത്യൻ താരങ്ങൾ കരുത്തുകാട്ടി. തുടക്കത്തിൽ സ്വർണ പ്രതീക്ഷ നൽകിയ യാഷ്‌വീറും രോഹിതും ശ്രീലങ്കക്കാരൻ രുമേഷ്‌ തരംഗ പതിരഗെയുടെ നാലാം ഏറിൽ പിന്നിലായി. 88.55 മീറ്ററിലാണ്‌ പതിരഗെയുടെ സ്വർണം. യാഷ്‌വീർ 85.72 മീറ്ററിൽ രണ്ടാമതെത്തി. രോഹിത്‌ 84.35 മീറ്ററിൽ മൂന്നാമതും.


ഒളിന്പിക്‌സ്‌ ചാന്പ്യൻ പാകിസ്ഥാന്റെ അർഷാദ്‌ നദീം (80.29) നാലാമതായി. വനിതകളുടെ 4–100 മീറ്റർ റിലേയിൽ ഇന്ത്യ നാലാമതായി. പുരുഷ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ കഴിഞ്ഞ തവണത്തെ ചാന്പ്യൻ അവിനാഷ്‌ സാബ്‌ലെ നാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പുരുഷ 4–400 റിലേയിൽ ടി എസ്‌ മനു ഉൾപ്പെട്ട ടീം ഫൈനലിലേക്ക്‌ ഒന്നാംസ്ഥാനക്കാരായി മുന്നേറി. വനിതാ 800ൽ പൂജ ഫൈനലിൽ കടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home