Deshabhimani

മെഡിക്കൽ കോളേജിലെ മരണം

രോഗിക്ക്‌ അടിയന്തര ശുശ്രൂഷ 
ലഭിച്ചില്ലെന്ന്‌ ബന്ധുക്കൾ

Death at the Medical College

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഹലീൽ റഹ്മാന്റെ ബന്ധുക്കളോട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 03:29 AM | 2 min read

കൊച്ചി


കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഡിസ്‌ചാർജായി വീട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ രോഗി കുഴഞ്ഞുവീണ്‌ മരിച്ച സംഭവത്തിൽ ഗവ. മെഡിക്കൽ കോളേജിന്‌ ഗുരുതരവീഴ്‌ച സംഭവിച്ചെന്ന്‌ പരാതി. തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരൻ ഹലീൽ റഹ്മാനാണ്‌ (40) മരിച്ചത്‌.

കുഴഞ്ഞുവീണയാൾക്ക്‌ അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ വാർഡിൽ ഡോക്ടറോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു. സിപിആർ പോലും നൽകിയില്ലെന്നും കുടുംബം പരാതിപ്പെട്ടു.


22ന് മട്ടാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റാണ്‌ ഹലീൽ റഹ്‌മാനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്‌. കാലിൽ രണ്ട് ഒടിവുണ്ടായിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലും അവിടെനിന്ന്‌ എറണാകുളം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വിയർക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. രോഗി കുഴഞ്ഞുവീണസമയത്ത് വാർഡിൽ ഡോക്ടർ ഉണ്ടായിരുന്നില്ല.


ഹലീൽ റഹ്‌മാന്റെ കുടുംബത്തിന്‌ അടിയന്തര സഹായമെത്തിക്കണം: സിപിഐ എം


കളമശേരി


മത്സ്യത്തൊഴിലാളിയായ ഹലീൽ റഹ്‌മാൻ സർക്കാർ സംവിധാനത്തിലെ വീഴ്ചമൂലം മരിച്ചതോടെ നിരാലംബരായ കുടുംബത്തിന് സർക്കാർ അടിയന്തര സഹായമെത്തിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ ആവശ്യപ്പെട്ടു. ഹലീൽ റഹ്‌മാന്റെ ബന്ധുക്കളെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഹലീലിന്റെ ഭാര്യക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മെഡിക്കൽ കോളേജിനെപ്പറ്റി നിരവധി പരാതികളാണ് ഉയരുന്നത്. ചികിത്സ ലഭ്യമാക്കാൻ പണം ആവശ്യപ്പെടുന്നതായി രോഗികൾക്ക് പരാതിയുണ്ട്. സ്കാൻ, എക്സ്റെ റിസൽട്ടുകൾ നൽകാൻ ഫിലിം ഇല്ലെന്നാണ് പറയുന്നത്. മരുന്നുകളും ഇല്ല.


​ പൂർണ ആരോഗ്യവാനായ യുവാവ് പ്രഥമശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവം വിദഗ്‌ധസമിതി അന്വേഷിക്കണം. മെഡിക്കൽ കോളേജിനകത്ത് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ല. സർക്കാരിൽനിന്ന് അനുകൂല നീക്കമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും എസ്‌ സതീഷ്‌ പറഞ്ഞു.


അന്വേഷണ റിപ്പോർട്ട്‌ ശനിയാഴ്‌ച


കളമശേരി


ചികിത്സാപ്പിഴവാണ്‌ ഹലീൽ റഹ്മാന്റെ മരണത്തിന്‌ കാരണമായതെന്നും കുഴഞ്ഞുവീണപ്പോൾ പ്രഥമശുശ്രൂഷ ലഭിച്ചില്ലെന്നുമുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഗവ. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട് അനൂപ് ജോസഫ് പറഞ്ഞു. വകുപ്പുമേധാവികളെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു.

പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ചയ്ക്കകം സമർപ്പിക്കും. തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക്‌ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഹലീൽ റഹ്മാന്റെ ഭാര്യക്ക്‌ സർക്കാർ ജോലി നൽകണം


മട്ടാഞ്ചേരി


എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിനെത്തുടർന്ന്‌ മരിച്ച ഹാർബർ തൊഴിലാളി ഹലീല്‍ റഹ്മാന്റെ ഭാര്യക്ക്‌ ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്ന്‌ സിപിഎൽയു സിഐടിയു ആവശ്യപ്പെട്ടു. യൂണിയൻ അംഗമായ ഹലീലിന്റെ മരണത്തോടെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം അനാഥരായി. ഇ‍ൗ സാഹചര്യം പരിഗണിച്ച്‌ ഭാര്യക്ക്‌ ജോലി നൽകണമെന്ന്‌ സിപിഎല്‍യു സിഐടിയു പ്രസിഡന്റ് ബെനഡിക്ട്‌ ഫെർണാണ്ടസും സെക്രട്ടറി കെ എം റിയാദും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home