സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഒരുക്കങ്ങളായി

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായി പുരോഗമന കലാസാഹിത്യസംഘം തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച വിളംബരജാഥ
കൊച്ചി
സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്കുള്ള ഒരുക്കങ്ങൾ തൃപ്പൂണിത്തുറയിൽ പൂർത്തിയായി. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗവും സമാപനത്തോടനുബന്ധിച്ച് ചേരുന്ന പൊതുസമ്മേളനവും വൻ ജനമുന്നേറ്റമാക്കി മാറ്റാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായത്.
ഹിൽപാലസ് പൊലീസ് സ്റ്റേഷനുസമീപം ആൽഫ പ്ലസ് ഓഡിറ്റോറിയത്തിലാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്. ബുധൻ രാവിലെ 9.30ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം സ്വരാജ്, എം വി ജയരാജൻ, സി എൻ മോഹനൻ, വി എൻ വാസവൻ, സജി ചെറിയാൻ, പി ജയരാജൻ, ഡോ. ജോൺ ബ്രിട്ടാസ് തുടങ്ങിയവർ പങ്കെടുക്കും.
പൊതുസമ്മേളനം ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനുസമീപം മാണിക്കനാംപറന്പ് മൈതാനത്ത് നടക്കും. യോഗത്തിന് വിപുലമായ പ്രചാരണമാണ് തൃപ്പൂണിത്തുറ ഏരിയയിൽ നടന്നത്. ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളും കേന്ദ്രീകരിച്ച് വൻ പങ്കാളിത്തത്തോടെ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
തിങ്കളാഴ്‌ച നഗരം കേന്ദ്രീകരിച്ച് പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ വിളംബരജാഥയും നടന്നു. ജില്ലാ സെക്രട്ടറി സഹീർ അലി, ട്രഷറർ എ കെ ദാസ് , വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, സംസ്ഥാന കമ്മറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ജില്ലാ വൈസ് പ്രസിഡന്റ് സി ബി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.








0 comments