Deshabhimani

ഡി ഗുകേഷ്‌ (ഇന്ത്യ) x സിൻഡറോവ്‌ (ഉസ്‌ബെക്‌)

print edition ലോക കളത്തിന്‌ ഇരുപതിന്റെ ചെറുപ്പം

Gukesh vs Sindarov
വെബ് ഡെസ്ക്

Published on Nov 23, 2026, 01:30 AM | 2 min read

ചെസ്‌ ഒളിമ്പ്യൻ എൻ ആർ അനിൽകുമാർ എഴുതുന്നു


ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ്, ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവ്.- 20 വയസ് മാത്രം പ്രായമുള്ള രണ്ട് അസാമാന്യ ചെസ് പ്രതിഭകൾ. ലോക ചെസ്‌ ചാമ്പ്യൻഷിപ്പിനായി മുഖാമുഖമെത്തുന്നു. ചരിത്രത്തിലെ ഏറ്റവും ‘ചെറുപ്പമുള്ള ഫൈനൽ’. രണ്ടുപേരും പന്ത്രണ്ടാം വയസിൽ തന്നെ സമുന്നത ഗ്രാൻഡ് മാസ്‌റ്റർ പട്ടം സ്വന്തമാക്കിയവർ. 2022–-24 വർഷങ്ങളിൽ ഗുകേഷ് ഉജ്വല പ്രകടനങ്ങളിലൂടെ ചെസ് ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. ഒളിമ്പ്യാഡ് സ്വർണപ്പതക്കങ്ങളും കാൻഡിഡേറ്റ്സ് മത്സരകിരീടവും ഇതിൽ ഏറ്റവും ശ്രദ്ധേയങ്ങളായിരുന്നു.


2024–-26 എന്നീ വർഷങ്ങളിൽ തന്റെ പ്രതിഭാവിലാസം കൊണ്ട് സിൻഡറോവ് ചെസ് ലോകത്തെ ജ്വലിപ്പിച്ചു. ഒളിമ്പ്യാഡ് സ്വർണങ്ങൾക്കും കാൻഡിഡേറ്റ്സ് കിരീടത്തിനും പുറമെ ചെസ് ലോകകപ്പും സ്വന്തമാക്കി. 2024 ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ മികച്ച ഫോമിലുണ്ടായിരുന്ന ഗുകേഷ്‌ മനസികപ്രശ്നങ്ങൾ മൂലം ഫോം നഷ്‌ടപ്പെട്ട ദുർബലനായ നിലവിലെ ചാമ്പ്യൻ ഡിങ് ലിറനെയാണ് നേരിട്ടത്. ചെസ് പണ്ഡിതരെല്ലാം ഗുകേഷിന് നിഷ്‌പ്രയാസജയം നേടാനാകുമെന്ന് പ്രവചിച്ചു. പക്ഷെ മത്സരം പുരോഗമിച്ചതോടെ പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി. മേധാവിത്തം നേടിയ ഡിങ്ങിനു മേൽ ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് മാത്രം ഗുകേഷ് വിജയം കരസ്ഥമാക്കി.


സ്വിറ്റ്‌സർലൻഡിൽ ജനീവക്കടുത്ത് കൊളോണിയിലെ പ്രസിദ്ധമായ ലൈബ്രറി മ്യൂസിയത്തിൽ നാളെ ആരംഭിക്കുന്ന ലോക കിരീട പോരാട്ടത്തിൽ ഒരർത്ഥത്തിൽ ചരിത്രം ആവർത്തിക്കുകയാണ്. ഫോം നഷ്ടപ്പെട്ട ഗുകേഷ് അത്യുജ്വല ഫോമിൽ വിരാജിക്കുന്ന സിൻഡറോവിനെ നേരിടുകയാണ്. ലോക കിരീട നേട്ടത്തിനു ശേഷം എല്ലാ കളികളും ജയിക്കണം എന്ന അപ്രായോഗിക മനോനിലയാണ് ഗുകേഷിനെ ഫോം നഷ്‌ടത്തിലേക്ക് നയിച്ചത്. വലിയ റേറ്റിങ്ങ് തകർച്ച അനുഭവിച്ച ഗുകേഷ് ലോക ചെസിലെ മൂന്നാമൻ എന്ന ഔന്നത്യത്തിൽ നിന്ന് ഇരുപത്തിയാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. നിലവിലെ ലോക മൂന്നാം നമ്പർ താരമായ സിൻഡറോവിന്റെ റേറ്റിങ്ങ് 2782. ഗുകേഷിന്റേത് 2710.


ഭൂരിഭാഗം ചെസ് വിദഗ്‌ധരും സിൻഡറോവ് അനായാസ ജയം നേടുമെന്ന്‌ പ്രവചിക്കുന്നു. പക്ഷേ കാര്യങ്ങൾ ചതുരംഗക്കളത്തിലെ കറുപ്പും വെളുപ്പും പോലെ അത്ര ലളിതമല്ല. ഗുകേഷിനെ എഴുതിത്തള്ളുന്നത് പല പ്രധാന വസ്‌തുതകൾക്കും നേരെയുള്ള കണ്ണടയ്‌ക്കലാകും. ഒരു ലോകചാമ്പ്യൻഷിപ്പ് മത്സരം നൽകിയ സുപ്രധാന അനുഭവസമ്പത്ത് ഗുകേഷിനുണ്ട്, സിൻഡറോവിനില്ല. താൻ ജേതാവാകും എന്ന പ്രവചനങ്ങൾ ബോധപൂർവമോ അല്ലാതെയോ സിൻഡറോവിന് മേൽ മാനസികസമ്മർദം ചെലുത്തിയേക്കാം. ഗുകേഷിന്റെ ഫോം നഷ്‌ടപ്പെട്ടതിന്റെ മുഖ്യകാരണം ജയത്തിനായുള്ള അമിതാസക്തിയായിരുന്നു. പക്ഷെ പ്രവചനങ്ങൾ തനിക്കെതിരെയായതിനാൽ കിരീടപോരാട്ടത്തിൽ അതിരുകവിഞ്ഞ വിജയാസക്തിയില്ലാതെ പക്വതയോടെ പോരാടുമെന്നതിൽ സംശയമില്ല. അതിനാൽ മത്സരം പ്രവചനാതീതവും ആവേശകരവുമായി മാറിയിരിക്കുന്നു.


14 റ‍ൗണ്ട്‌ മത്സരം


14 ഗെയിം ക്ലാസിക്കൽ മത്സരങ്ങളാണ്‌. ആദ്യം 7.5 പോയിന്റ്‌ നേടുന്ന കളിക്കാരൻ വിജയിയാകും. ഇന്ത്യൻ സമയം രാത്രി 7.30ന്‌ കളി തുടങ്ങും. ഡിസംബർ 11നാണ്‌ പതിനാലാം റ‍ൗണ്ട്‌. ആവശ്യമെങ്കിൽ ഡിസംബർ 12ന്‌ ടൈബ്രേക്കർ. മൊത്തം സമ്മാനത്തുക 23.37 കോടി. ഓരോ ജയത്തിനും 1.87 കോടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home