അവഗണനയുടെ നടുവിൽ അരൂർ വ്യവസായകേന്ദ്രം

അരൂർ
ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള അരൂർ വ്യവസായകേന്ദ്രം അടിസ്ഥാനസൗകര്യങ്ങളില്ലാതെ വലയുന്നു. 1962-ൽ കെമിക്കൽ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റായി തുടങ്ങി ഇന്ന് 52-ഓളം വ്യവസായ യൂണിറ്റുകളുള്ള ഈ കേന്ദ്രം സമുദ്രോൽപ്പന്ന കയറ്റുമതിയിലാണ് ഏറെ മുന്നിൽ. എന്നാൽ കേന്ദ്രത്തിന്റെ വികസനത്തിന് പ്രഖ്യാപിക്കുന്ന വാഗ്‌ദാനങ്ങൾ പ്രായോഗികമാകാത്തതിൽ സംരംഭകർ കടുത്ത നിരാശയിലാണ്. കനത്തഭാരമുള്ള കണ്ടെയ്നർ ലോറികൾക്ക് കടന്നുപോകാൻ കഴിയാത്ത തകർന്ന റോഡുകളാണ് ഇവിടെ. മഴക്കാലത്തെ രൂക്ഷമായ വെള്ളക്കെട്ടും വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കായലിലേക്ക് വെള്ളമൊഴുക്കാനുള്ള കാനയോടുകൂടിയ റോഡ് വേണമെന്ന ആവശ്യം നാളുകളായി അവഗണിക്കപ്പെട്ടു. വാഗ്ദാനംചെയ്‌ത തുകയിൽ തുച്ഛമായ ഭാഗം മാത്രമേ റോഡ് നവീകരണത്തിന് ലഭിച്ചുള്ളൂവെന്നും ബാക്കി സംരംഭകർക്ക് സ്വന്തമായി ചെലവഴിക്കേണ്ടിവന്നെന്നും അവർ പറയുന്നു. മലിനീകരണം തടയാനുള്ള പൊതുശുദ്ധീകരണ പ്ലാന്റ് ഇപ്പോഴും കടലാസിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതി വ്യാപകമായിട്ടും പല സ്ഥാപനങ്ങൾക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കായി അവധിദിവസങ്ങൾക്ക് പകരം പ്രവൃത്തിദിവസങ്ങളിൽ തന്നെ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് ഉൽപ്പാദനത്തെ താളംതെറ്റിക്കുന്നുണ്ട്. സെക്യൂരിറ്റി സംവിധാനങ്ങളുടെ അഭാവം, വ്യവസായ വകുപ്പിന്റെ ഓഫീസ് ഇല്ലാത്തത്, അഗ്‌നിരക്ഷാസേന കെട്ടിട നിർമാണത്തിലെ ഇഴച്ചിൽ എന്നിവ സമൂഹവിരുദ്ധശല്യത്തിനും ആശങ്കയ്‌ക്കും കാരണമാകുന്നു. ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ.








0 comments