Deshabhimani

ഇ–20 പെട്രോൾ: തീരത്തിനും ആശങ്ക

വള്ളങ്ങൾ കട്ടപ്പുറത്തേക്ക്

sss
വെബ് ഡെസ്ക്

Published on Nov 23, 2026, 02:20 AM | 1 min read

ആലപ്പുഴ

പെട്രോളിലെ എഥനോൾ അംശം വർധിച്ചത്‌ മത്സ്യബന്ധന വള്ളങ്ങളുടെ എൻജിനുകളെയും ബാധിക്കുന്നതായി മത്സ്യത്തൊഴിലാളികൾക്ക്‌ ആശങ്ക. പെട്രോൾ എൻജിനുകൾ അടുത്തകാലത്ത്‌ തുടർച്ചയായി തകരാറുകൾ സംഭവിക്കുന്നതായാണ് തൊഴിലാളികളുടെ പരാതി. വിഷയത്തിൽ ശാസ്‌ത്രീയ പരിശോധന നടത്തി ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പരമ്പരാഗതവള്ളങ്ങൾക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചതും വില വർധനയുമാണ് പല മത്സ്യത്തൊഴിലാളികളെയും പെട്രോൾ എൻജിനുകളിലേക്ക്‌ മാറാൻ നിർബന്ധിതരാക്കിയത്. ഇ–20 പെട്രോളിലേക്ക്‌ മാറിയതോടെയാണ്‌ വ്യാപക പരാതികളുയരുന്നത്‌. കടലിൽ ഉപയോഗിക്കുന്ന ഔട്ട്ബോർഡ് എൻജിനുകൾക്ക് ഉപ്പുവെള്ളത്തിന്റെയും ഉയർന്ന ഈർപ്പത്തിന്റെയും സാന്നിധ്യം വെല്ലുവിളിയാണ്. എഥനോൾ അന്തരീക്ഷത്തിലെ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുകയും ടാങ്കിനടിയിൽ വെള്ളമായി അടിഞ്ഞുകൂടുകയും ചെയ്യുന്നത് നടുക്കടലിൽ എൻജിൻ നിന്നുപോകാനും കാരണമാകും. മത്സ്യബന്ധനത്തിനിടെ കടലിൽ എൻജിൻ തകരാറാകുന്നത്‌ പലപ്പോഴും തൊഴിലാളികളുടെ ജീവനുതന്നെ ഭീഷണിയാണ്‌. മറ്റ് ആവശ്യങ്ങൾക്കായി എൻജിൻ പ്രവർത്തിപ്പിക്കുമ്പോഴും തകരാറുകൾ സംഭവിക്കുന്നതായി തൊഴിലാളികൾ പറയുന്നു. പലപ്പോഴും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പണിമുടക്കുന്നത് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്നു. തൊഴിൽദിനങ്ങൾ നഷ്‌ടമാകുന്നതിനൊപ്പം അറ്റകുറ്റപ്പണിക്ക്‌ വലിയ തുകയും ചെലവുവരുന്നു. ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽനിന്ന് സമാനമായ നിരവധി പരാതികൾ ഉയരുന്നതായി തൊഴിലാളി സംഘടനകളും പറയുന്നു. എഥനോൾ കലർന്ന പെട്രോളിന്റെ ഉപയോഗവും മത്സ്യബന്ധന എൻജിനുകളുടെ തകരാറുകളും തമ്മിൽ ബന്ധമുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home