സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനുകളായി ആലപ്പുഴയും കുട്ടനാടും
5 വര്‍ഷം, 1.58 ലക്ഷം വിദേശസഞ്ചാരികള്‍

ആലപ്പുഴ
അഞ്ചുവര്‍ഷത്തിനിടെ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത് 1.58 ലക്ഷം വിദേശവിനോദസഞ്ചാരികള്. 34.39 ലക്ഷം ആഭ്യന്തരവിനോദസഞ്ചാരികളും ജില്ലയിലെത്തി. 2021 ജനുവരി മുതൽ 2025 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. 2025ൽ കേരളത്തിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി ആലപ്പുഴയും കുട്ടനാടുമുണ്ട്. കൊച്ചി സിറ്റി, തേക്കടി, തിരുവനന്തപുരം സിറ്റി, മൂന്നാര്‍, കുമരകം, കോവളം, ഫോര്‍ട്ട്കൊച്ചി, കോഴിക്കോട് സിറ്റി, മരട്, വര്‍ക്കല, ഗുരുവായൂര്‍, ചൊവ്വര, കൊല്ലം എന്നിവയാണ് സംസ്ഥാനത്ത് എത്തിയ വിദേശസഞ്ചാരികള്‍ കൂടുതലായി സന്ദര്‍ശിച്ച മറ്റ് സ്ഥലങ്ങള്‍. 2025ൽ 8,21,999 വിദേശസഞ്ചാരികള്‍ കേരളത്തിലെത്തിയതായാണ് വിനോദസഞ്ചാരവകുപ്പിന്റെ കണക്ക്. ഇതിൽ 68,630 പേര് ആലപ്പുഴ സന്ദര്‍ശിച്ചു. ആഭ്യന്തരവിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ആലപ്പുഴ. കഴിഞ്ഞവര്‍ഷം 2,50,58,366 ആഭ്യന്തരസഞ്ചാരികളിൽ 8,64,288 പേര് ആലപ്പുഴയുടെ സൗന്ദര്യം നുകര്‍ന്നു. മൂന്നാര്‍, കൊച്ചി സിറ്റി, തിരുവനന്തപുരം സിറ്റി, ഗുരുവായൂര്‍, കോഴിക്കോട് സിറ്റി, തേക്കടി, വര്‍ക്കല, കോവളം, വയനാട്, പൂക്കോട് തടാകം, കുമരകം, ഇരിങ്ങൽ കോട്ടക്കൽ, പറശിനിക്കടവ്, വാഗമൺ എന്നിവയാണ് ആഭ്യന്തരസഞ്ചാരികളുടെ മറ്റ് പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകള്‍. 7കോവിഡിൽ നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം ഉണര്‍വിനായി കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാര്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളിൽ നടത്തിയ ഇടപെടലുകളാണ് മേഖലയെ തിരിച്ചുകൊണ്ടുവന്നത്. കോവിഡ് ഭീതിയിലായിരുന്ന 2021ൽ 5,37,617 ആഭ്യന്തരസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. വിദേശസഞ്ചാരികളുടെ എണ്ണം 60,487. ഈ കാലയളവിൽ 777 വിദേശസഞ്ചാരികള്‍ മാത്രമാണ് ആലപ്പുഴയെത്തിത്. കോവിഡിന് പിന്നാലെ ടൂറിസം മേഖല ഉണര്‍ത്താനായി ദേശീയ, അന്തര്‍ദേശീയ തലങ്ങളിൽ പ്രചാരണത്തിനായി 2022 –23ൽ 80,64,14,460 രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. 2025 – 26ൽ 72,49,49,572 രൂപയും ചെലവഴിച്ചു. 2022ൽ 1,88,67,414 ആഭ്യന്തരസഞ്ചാരികളും 3,45,549 വിദേശസഞ്ചാരികളും കേരളം സന്ദര്‍ശിച്ചു. 2023ൽ 2,18,71,641 ആഭ്യന്തരസഞ്ചാരികളും 6,49,057 വിദേശസഞ്ചാരികളും 2024ൽ 2,22,46,989 ആഭ്യന്തരസഞ്ചാരികളും 7,38,374 വിദേശസഞ്ചാരികളും 2025ൽ 2,50,58,366 ആഭ്യന്തരസഞ്ചാരികളും 8,21,999 വിദേശസഞ്ചാരികളും കേരളത്തിലെത്തി. അവര്‍ എവിടെപോയി സീസൺ ആയിട്ടും ഇത്തവണ വിദേശസഞ്ചാരികളുടെ വരവ് നന്നേകുറവാണെന്ന് പുരവഞ്ചി ഉടമകള്‍ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയാണോ മറ്റെന്തിലും കാരണമാണോയെന്ന് വ്യക്തമല്ല. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളെത്തുന്നുണ്ട്. വിദേശത്തടക്കം ആലപ്പുഴയുടെ ടൂറിസം പ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പുരവഞ്ചി ഉടമകള്‍ പറഞ്ഞു.








0 comments